ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഏഴു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. സൈബര്‍ സുരക്ഷ, അടിസ്ഥാന സൗകര്യവികസനം, ഇന്‍ഷുറന്‍സ്, പാരന്പര്യേതര ഊര്‍ജം, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലുള്ള യു.എ.ഇ. ഉന്നതതല സംഘം നാളെ മുംബൈയില്‍ ഇന്ത്യന്‍ വ്യവസായികളുമായി ചര്‍ച്ച നടത്തും.

ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ കരാറുകളില്‍ ഒപ്പുവച്ചത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയ്ക്കും യു.എ.ഇക്കുമിടയിലുള്ള വ്യാപാര ഇടപാടുകള്‍ 60 ശതമാനം വര്‍ധിപ്പിക്കുകയാണ് ഇരുരാജ്യങ്ങളുടേയും ലക്ഷ്യം. സൈബര്‍ സുരക്ഷാ രംഗത്തെ സഹകരണം ഐ.എസ്. ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുടെ പ്രവര്‍ത്തനം വ്യാപിക്കുന്നത് തടയാന്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുമായും യു.എ.ഇ. നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ അബുദാബി കിരീടാവകാശിയുടെ സന്ദര്‍ശനം ഉപകരിക്കുമെന്ന് രാഷ്ട്രപതി പ്രസ്താവനയില്‍ പറഞ്ഞു. രാവിലെ രാഷ്ട്രപതിഭവനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ യു.എ.ഇ നേതാക്കള്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

തുടര്‍ന്ന് ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ അബുദാബി കിരീടാവകാശി, ആദരസൂചകമായി രാജ്ഘട്ടില്‍ ഒരു വൃക്ഷത്തൈയും നട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ സെവണ്‍ ആര്‍ സി.ആറില്‍ നരേന്ദ്രമോദിയുമായി അല്‍ നഹ്യാന്‍ ഹ്രസ്വ കൂടിക്കാഴ്ച നടത്തി. മലയാളി വ്യവസായി എം.എ.യൂസഫലി ഉള്‍പ്പെടെ നൂറോളം വ്യവസായപ്രമുഖരും യു.എ.ഇ. സംഘത്തിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here