പാഴ് വസ്തുക്കളെന്നു കരുതി ഒന്നും വലിച്ചെറിഞ്ഞു കളയാനാവില്ലെന്ന് ലോകപ്രശസ്ത വാസ്തുശില്‍പ്പിയായ ഷിഗേരു ബെന്‍.
കൊച്ചിയില്‍ മൂവാറ്റുപുഴ സീഡ് – എപിജെ അബ്ദുല്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ഡിസൈനും ലിവിംഗ്എക്‌സ്ട്ര ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിച്ച റ്റുമാറോ ഈസ് നൗ എന്ന പ്രഭാഷണ പരമ്പരയില്‍ വാസ്തുശില്‍പ്പകലയും സമൂഹത്തിന്റെ ആവശ്യങ്ങളും തമ്മിലുള്ള സന്തുലനം എന്ന വിഷയത്തില്‍ ആദ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വാസ്തുശില്‍പ്പകലയിലെ നൊബേല്‍ സമ്മാനമായി അറിയപ്പെടുന്ന പ്രിറ്റ്‌സ്‌കെര്‍ സമ്മാനം 2014ല്‍ നേടിയ ഷിഗേരു ബാന്‍.
റീസൈക്ക്ള്‍ഡ് പേപ്പര്‍ ട്യൂബുകള്‍, ഉപയോഗിച്ച ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍, സ്റ്റിറോഫോം തുടങ്ങിയ വസ്തുക്കളുപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ രൂപകല്‍പ്പന ചെയ്ത വാസ്തുശില്‍പ്പ സൃഷ്ടികള്‍ പ്രഭാഷണത്തിനിടെ അദ്ദഹം പ്രദര്‍ശിപ്പിച്ചു. ദുരന്തഭൂമിയില്‍ ആദ്യം ഓടിയെത്തുന്നവരില്‍ ഒരാള്‍ എന്ന വിശേഷണത്തിനു കൂടി അര്‍ഹനായ അദ്ദേഹം പ്രകൃതിയും മനുഷ്യനും കാരണമായ വിവിധ ദുരന്തങ്ങള്‍ക്കു പിന്നാലെ നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. ജപ്പാന്‍ മുതല്‍ നേപ്പാള്‍ വരെ സാക്ഷ്യം വഹിച്ച വലിയ ഭൂകമ്പങ്ങള്‍, റുവാണ്ടയില്‍ 20 ലക്ഷം പേരെ അഭയാര്‍ത്ഥികളാക്കിയ വംശഹത്യ, ഇപ്പോഴും തുടരുന്ന യുക്രെയിന്‍ അധിനിവേശം എന്നിവിടങ്ങളിലെല്ലാം തന്റെ വാസ്തുശില്‍പ്പകലയിലൂടെ അദ്ദേഹം സാമൂഹ്യപ്രതിബദ്ധത നിറവേറ്റിയതെങ്ങനെയെന്നു കണ്ട് ലെ-മെറിഡിയനില്‍ തിങ്ങിനിറഞ്ഞ് ആർകിടെക്റ്റുമാരും വാസ്തുശില്‍പ്പ വിദ്യാര്‍ത്ഥികളുമുള്‍പ്പെട്ട സദസ് കരഘോഷം മുഴക്കി.
യുഎസിലേക്കും കാനഡയിലേയ്ക്കും വന്‍തോതില്‍ ക്രോസ്-ലാമിനേറ്റഡ് വുഡ് (സിഎല്‍റ്റി) കയറ്റുമതി ചെയ്തിരുന്ന രാജ്യമായിരുന്നു യുക്രെയിന്‍. യുദ്ധം മൂലം ഈ കയറ്റുമതി മുടങ്ങി. യുക്രെയിനില്‍ 25,000 ച മീറ്റര്‍ വിസ്തൃതിയില്‍ ഒരു ആശുപത്രി മന്ദിരം രൂപകല്‍പ്പന ചെയ്യേണ്ടി വന്നപ്പോള്‍ പരമാവധി സിഎല്‍റ്റി ഉപയോഗപ്പെടുത്തിയ നിര്‍മാണമാണ് അവലംബിച്ചത്.
തെര്‍മോകോളിന് സദൃശമായ, വലിച്ചെറിയുന്ന ചായക്കപ്പായി ഉപയോഗിക്കുന്ന സ്റ്റിറോഫോം കൊണ്ട് ഒറ്റദിവസത്തില്‍ ചെലവുകുറഞ്ഞ താല്‍ക്കാലിക വീടുകള്‍ നിര്‍മിച്ചതും അദ്ദേഹം ഉദാഹരിച്ചു. ന്യൂസിലാന്‍ഡില്‍ നിന്നുള്ള വാസ്തുശില്‍പ്പി ജെറമി സ്മിത്തും തന്റെ വാസ്തുശില്‍പ്പ സൃഷ്ടികള്‍ പരിപാടിയില്‍ അവതരിപ്പിച്ചു.
ലിവിംഗ് എക്‌സ്ട്ര എഡിറ്റര്‍ ഇന്‍ ചീഫ് പ്രഗ്ന്യ റാവു, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, സീഡ് കോളേജ് ചെയര്‍മാന്‍ അഡ്വ ടി എസ് റഷീദ്, അക്കാദമിക് ചെയര്‍ രാജശേഖരന്‍ സി മേനോന്‍, ആര്‍ക്കിടെക്റ്റുമാരായ റെനി ലിജോ, മധുഷിത അരവിന്ദ്, സെബാസ്റ്റിയന്‍ ജോസ് എന്നിവരും സംസാരിച്ചു. പ്രഭാഷണ പരിപാടിയോടെ കഴിഞ്ഞ 11 ദിവസമായി ദര്‍ബാള്‍ ഹാളില്‍ നടന്ന സീഡ്‌സ്‌കേപ് 5.0 പ്രദര്‍ശനവും സമാപിച്ചു.