GulfKeralaLatest NewsNewsPolitics

പ്ലസ് വണ്‍ – മലബാർ വിവേചനം അവസാനിപ്പിക്കുക.

പ്ലസ് വണ്‍ – മലബാർ വിവേചനം അവസാനിപ്പിക്കുക, പ്രവാസി വെല്‍ഫെയര്‍

ദോഹ: മലബാർ മേഖലയിൽ എസ്.എസ്.എല്‍.സിക്ക് മുഴുവൻ എ പ്ലസ് വാങ്ങി വിജയിച്ചിട്ടും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത സാഹചര്യം കടുത്ത അനീതിയും നീതീകരിക്കാനാവാത്തതും ആണെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. ഉന്നത വിജയം നേടിയിട്ടും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ രക്ഷിതാക്കളായ പ്രവാസികളും വലിയ ആശങ്കയിലാണ്. വിദ്യാഭ്യാസം ഭരണഘടന നൽകുന്ന പൗരന്റെ മൗലികാവകാശമാണ്.

സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നെങ്കിൽ അത് ഭരണഘടനാ ലംഘനവും കടുത്ത വിവേചനവും ആണ്. അധിക സീറ്റ് നൽകി കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് സർക്കാർ മെനഞ്ഞു കൊണ്ടിരിക്കുന്നത്. എല്ലാ വര്‍ഷവും ഈ വിഷയം ഉയര്‍ന്ന് വരുമ്പോള്‍ കണ്ണില്‍ പൊടിയിടാനായി നാമമാത്രമായ സീറ്റുകള്‍ വര്‍ദ്ദിപ്പിച്ച് ഇതിനോടകം തന്നെ മലബാറിലെ പല ക്ലാസുകളിലും 65 കുട്ടികളൊക്കെ ആയിരിക്കുന്നു. തിങ്ങി നിറഞ്ഞ ക്ലാസ് മുറികള്‍ വിദ്യഭ്യാസ നിലവാരത്തെ സാരമായി ബാധിക്കും. കൂടുതൽ ബാച്ചുകൾ അനുവദിച്ചും സ്കൂളുകൾ അപ്ഗ്രേഡ് ചെയ്തും വിദ്യാർത്ഥികൾക്ക് പഠിക്കാൻ സാഹചര്യം ഉണ്ടാക്കുക എന്ന സർക്കാരിന്റെ പ്രഥമ ബാധ്യതയിൽ നിന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവർ ഒളിച്ചോടുന്നത്.

വിഷയത്തെ കൃത്യമായി മനസ്സിലാക്കാനും ശാസ്ത്രീയമായി പഠിക്കാനും ശ്രമിക്കണം.തതടിസ്ഥാനത്തിൽ പരിഹാര ശ്രമങ്ങൾക്ക് മുൻകൈയെടുക്കാൻ സർക്കാർ തയ്യാറാകണം.ഏറ്റവും ചുരുങ്ങിയത്,ഈ വിഷയം പഠിക്കാൻ സർക്കാർ നിയമിച്ച കമ്മീഷനുകളും മറ്റു സംവിധാനങ്ങളും സമർപ്പിച്ച ഡാറ്റ പുറത്തുവിടണം. ശാസ്ത്രീയമായി പരിഹരിക്കാൻ മുൻകൈയെടുക്കേണ്ടതിനു പകരം സമരം ചെയ്യുന്നവരെ സാമുദായിക വൽക്കരിക്കുകയും പ്രത്യേക ചാപ്പ കുത്തുകയും ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. ഉപരിപഠന സ്വപ്നങ്ങളോടെ സന്തോഷത്തോടെ സ്കൂളുകളില്‍ പോകേണ്ട വിദ്യാര്‍ത്ഥികളെ ഈ പെരും മഴയത്ത് വിദ്യഭ്യാസ മേഖലയിലെ മലബാര്‍ വിവേചനത്തിനെതിരെ അവകാശപ്പോരാട്ടത്തിനായി തെരുവില്‍ നിര്‍ത്തുന്നത് ഖേദകരമാണ്‌.

പ്രവാസ ലോകത്തുനിന്നും കക്ഷിരാഷ്ട്രീയഭേദമന്യേ ഒറ്റക്കെട്ടായി നിന്നുകൊണ്ടുള്ള പ്രതികരണങ്ങളും പ്രവർത്തനങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഇത്തരത്തിലുള്ള യോജിച്ച പ്രവർത്തനങ്ങൾക്ക് പ്രവാസി വെൽഫെയർ മുൻകൈയെടുക്കും. സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു.

Show More

Related Articles

Back to top button