കനത്ത മഴ; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 6 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത. വയനാട്, കണ്ണൂർ, ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെലോ അലർട്ടും നിലവിലുണ്ട്. വയനാടും കണ്ണൂരും ശക്തമായ മഴക്ക് സാധ്യതയുണ്ട്. കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
കാലവര്‍ഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് അവധി. കണ്ണൂര്‍ ഇരിട്ടി താലൂക്കില്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയാണ്. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതക്കുരുക്ക്. ആനമൂളി ചെക്പോസ്റ്റിന് സമീപത്താണ് രാത്രിയിൽ മരം വീണത്. ഇരുവശത്തേക്കുമുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. മരം നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി രാത്രി പന്ത്രണ്ടരയോടെ പൂർത്തിയായി. അട്ടപ്പാടി ചുരത്തിൽ ഇന്നലെ രാത്രിയിലും മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു.
മഴക്കെടുതിയിൽ വലഞ്ഞ് എറണാകുളം ജില്ലയിലെ തീരദേശവും, മലയോരവും. തീരമേഖലയായ കണ്ണമാലിയും, നായരമ്പലവും കടലേറ്റത്താൽ പൊറുതിമുട്ടി. തിര വീടകങ്ങളിലേയ്ക്കാണ് ആർത്തെത്തുന്നത്. വീടുകൾ താമസയോഗ്യമല്ലാതായതോടെ പല കുടുംബങ്ങളും മറ്റിടങ്ങളിലേയ്ക്ക് താമസം മാറ്റി. മലയോരമേഖലയിലും മഴക്കെടുതി തുടരുകയാണ്. മണികണ്ഠൻചാൽ ചപ്പാത്തിൽ ഇനിയും വെള്ളമിറങ്ങിയിട്ടില്ല. മണികണ്ഠന്‍ചാലിനൊപ്പം ഉറിയംപെട്ടി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഗതാഗത സൗകര്യമില്ലാതെ ഒറ്റപ്പെട്ട നിലയിൽ തുടരുകയാണ്.
കോഴിക്കോട് കനത്ത മഴയിൽ രാമനാട്ടുകര ദേശീയ പാതയിൽ മരം കടപുഴകി വീണ് മൂന്ന് ബൈക്ക് യാത്രക്കാർക്ക് പരുക്ക്. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ കാപ്പിൽ സുധീർ, പണ്ടാരങ്കണ്ടി സുനിൽ കുമാർ, ഇടിമുഴിക്കൽ മുതുപറമ്പത്ത് മൻസൂർ എന്നിവർക്കാണ് പരുക്കേറ്റത്. റോഡരികിൽ നിർത്തിയിട്ട പെട്ടി ഓട്ടോയും തകർന്നു. പേരാമ്പ്രയിൽ മരം വീണ് ജീപ്പ് പൂർണമായി തകർന്നു. വാഹനത്തിൽ ആളില്ലാതിരുന്നതിൽ അപകടം ഒഴിവായി. നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ടുണ്ടായി. മലയോര മേഖലകളിലടക്കം ശക്തമായ മഴ പെയ്തു.