പെന്ഷന് പറ്റിയവര്‍ പക്ഷിനിരീക്ഷണം നടത്തട്ടെയെന്ന് സക്കറിയ
വി ടി ഇന്ദുചൂഡന് ഫൗണ്ടേഷന്റെ പക്ഷിചിത്ര പ്രദര്‍ശനത്തിന് തുടക്കമായി; മമ്മൂട്ടി എടുത്ത പക്ഷിഫോട്ടോ ജൂണ്‍ 30ന് ലേലം ചെയ്യും
പ്രദര്‍ശനം ജൂണ്‍ 30 വരെ, രാവിലെ 11 മുതല്‍ 7 വരെ
കൊച്ചി: നല്ല പെന്‍ഷനും വാങ്ങി വിശ്രമിക്കുന്നവര്‍ കേരളത്തില്‍ ലക്ഷക്കണക്കിനുണ്ടെന്നും ശരീരം അനങ്ങാതിരിക്കുന്നതിനു പകരം അവര്‍ പക്ഷനിരീക്ഷണം തുടങ്ങട്ടയെന്നും എഴുത്തുകാരന് സക്കറിയ. കൊച്ചി ദര്‍ബാര്‍ ഹാളില്‍ പ്രശസ്ത പക്ഷി നിരീക്ഷകനും എഴുത്തുകാരനുമായ ഇന്ദുചൂഡന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ പാടിപ്പറക്കുന്ന മലയാളം എന്ന ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സക്കറിയ. പക്ഷിനിരീക്ഷണം മനുഷ്യരുടെ ഓര്‍മശക്തിയും ചിന്താശക്തിയും കാഴ്ചശക്തിയും ഭാവനയുമെല്ലാം വര്‍ധിപ്പിക്കും. മലയാളികള്‍ മറന്ന വി ടി ഇന്ദുചൂഡന് എന്ന വലിയ എഴുത്തുകാരനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തിന്റെ സമീപകാല പുനപ്രസിദ്ധീകരണവും സുരേഷ് ഇളമണ്‍ രചിച്ച പക്ഷികളും ഒരു മനുഷ്യനും എന്ന ജീവചരിത്രവും പോലെത്തന്നെ ഈ ഫോട്ടോ എക്സിബിഷനും വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളഗദ്യത്തിന്റെ ഏറ്റവും മനോഹരമായ ഉപയോഗമാണ് കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തില്‍ കാണാനാവുക. ഇത്തരം പുസ്തകങ്ങളാണ് തന്നെ എഴുത്തുകാരനാക്കിയത്. അതിലെ കുറച്ചു ഭാഗമെങ്കിലും വായിച്ചാണ് സക്കറിയയുടെ പിതാവ് രാത്രികളില്‍ ഉറങ്ങാന്‍ കിടന്നിരുന്നതെന്ന് സക്കറിയ എഴുതിയത് അധ്യക്ഷത വഹിച്ച വി കെ ശ്രീരാമന് ഓര്‍മിച്ചു. സുരേഷ് ഇളമണ്‍, പ്രദശര്നത്തിന്റെ ക്യുറേറ്ററും കലാനിരൂപകനും ഫോട്ടോഗ്രാഫറുമായ എം രാമചന്ദ്രന് എന്നിവരും പ്രസംഗിച്ചു. പ്രശസ്ത സിനിമാതാരം മമ്മൂട്ടിയും പക്ഷിച്ചിത്രങ്ങളെടുക്കുന്നതില്‍ ലോകപ്രശസ്തയായ ജെയിനി കുര്യാക്കോസുമടക്കം ഇരുപത്തിമൂന്നു ഛായാഗ്രാഹകന്മാരുടെ 61 ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്.
മമ്മൂട്ടി എടുത്ത ഇലത്തുമ്പില്‍ വിശ്രമിക്കുന്ന നാട്ടുബുള്‍ബുളിന്റെ മനോഹരചിത്രം പ്രദര്‍ശനത്തിന്റെ സമാപനദിനമായ ജൂണ്‍ 30ന് 4 മണിക്ക് ഫൗണ്ടേഷന്റെ ധനശേഖരണാര്‍ത്ഥം ലേലം ചെയ്യും. അന്നു വൈകീട്ട് 530ന് ഇന്ദുചൂഡന്റെ സഹപ്രവര്‍ത്തകനായിരുന്ന പ്രൊഫ എം കെ സാനു ഇന്ദുചൂഡനെ അനുസ്മരിക്കും. നാളെ (ജൂണ്‍ 29) വൈകീട്ട് 530ന് പക്ഷിഫോട്ടോഗ്രാഫര് മനോജ് കരിങ്ങാമഠത്തില്‍ സംസാരിക്കും.
ഇന്ദുചൂഡന്റെ ജീവചരിത്രം എഴുതിയിട്ടുള്ള പക്ഷി നിരീക്ഷകനായ സുരേഷ് ഇളമണ്‍, എഴുത്തുകാരിയും പക്ഷിനിരീക്ഷകയുമായ ശ്രീദേവി മാധവന്, കലാനിരൂപകനും എഴുത്തുകാരനുമായ എം രാമചന്ദ്രന് എന്നിവരാണ് പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാര്‍.