തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളം, യൂസേഴ്സ് ഫീസ് കൂട്ടാൻ ഉള്ള തീരുമാനം പിന്‍വലിക്കണം – പ്രവാസി വെല്‍ഫെയര്‍
തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീസ് കൂട്ടാൻ ഉള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിമാനത്താവളത്തിലെ യൂസേഴ്സ് ഫീ വർദ്ധന ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് പ്രവാസികളെയാണ്. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ സംഭവിക്കുന്ന ഇത്തരം ചൂഷണങ്ങൾ ഒരുതരത്തിലും നീതികരിക്കാൻ ആവുകയില്ല. ഭീമമായ ടിക്കറ്റ് ചാർജ് നൽകിയാണ് പ്രവാസികൾ നാട്ടിലെത്തുന്നത്. പുതിയ പ്രവാസ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നവരാണ് അധികം പ്രവാസികളും. കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലൂടെ മുന്നോട്ടുപോകുമ്പോഴും ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ലഭിക്കുന്ന വാര്‍ഷിക അവധിക്ക് നാട്ടിൽ വരാൻ ഭീമമായ ടിക്കറ്റ് ചാർജിന് പുറമേ എയർപോർട്ട് യൂസേഴ്സ് ഫീസും നൽകേണ്ടിവരുന്നത് പ്രയാസകരമാണ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ട് വർദ്ധിച്ച ചാർജ് പിൻവലിക്കാനുള്ള ഇടപെടൽ നടത്തണമെന്നും പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുന്ദരൻ, സാബു സുകുമാരൻ, ജില്ലാ സെക്രട്ടറിമാരായ മുബീൻ അമീൻ, റിയാസ് മാഹീൻ, അസീം എം.ടി തുടങ്ങിയവര്‍ സംസാരിച്ചു.