മാത്യുക്കുട്ടി ഈശോന്യൂയോർക്ക്: ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ മലയാളീ സെനറ്റർ ആയ കെവിൻ തോമസിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ മലയാളീ പൈതൃകം നിലനിർത്താനായി രൂപീകരിക്കപ്പെട്ട ന്യൂയോർക്ക് മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ തിരുവോണ നാളായ സെപ്റ്റംബർ 15 ഞായറാഴ്ച വമ്പിച്ച ഓണാഘോഷവും വള്ളംകളി മത്സരവും ലോങ്ങ് ഐലൻഡ് കേന്ദ്രീകരിച്ച് നടത്തുവാൻ തയ്യാറെടുക്കുന്നു.
ലോങ്ങ് ഐലൻഡ് ഫ്രീപോർട്ടിലെ അതി മനോഹരവും വിശാലവുമായ കൗമെഡോ പാർക്കിനോട് (Cow Meadow Park, 701 South Main Street, Freeport, NY 11520) ചേർന്നുള്ള തടാകത്തിൽ കേരള തനിമയെ വിളിച്ചോതുന്ന വള്ളംകളി ജലോത്സവം നടത്തുന്നതിനോടൊപ്പം പാർക്കിലെ പച്ചപരവതാനിയായ പുൽത്തകിടിയിൽ ഓണാഘോഷവും നടത്തുന്നതിനാണ് ആലോചിക്കുന്നത്.ഇതിനായുള്ള പ്രാഥമിക ചർച്ചകൾ സെനറ്റർ കെവിൻറെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്നതായി സെനറ്ററിന്റെ കമ്മ്യൂണിറ്റി കോർഡിനേറ്റർമാരായ അജിത് കൊച്ചൂസും ബിജു ചാക്കോയും സംയുക്തമായി പ്രസ്താവിച്ചു.
വള്ളംകളി മത്സരങ്ങളുടെ ക്രമീകരണങ്ങൾക്കും നടത്തിപ്പിനുമായി ന്യൂയോർക്ക് മലയാളീ ബോട്ട് ക്ലബ്ബ് സ്ഥാപക ചെയർമാനും കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA) പ്രസിഡൻറുമായ ഫിലിപ്പ് മഠത്തിലിനെ ചീഫ് കോർഡിനേറ്ററായി ചുമതലപ്പെടുത്തി. ന്യൂയോർക്കിലും ചുറ്റുവട്ടത്തുമുള്ള എല്ലാ മലയാളികളെയും ആകർഷിക്കത്തക്കവിധം ഓണാഘോഷം നടത്തുവാനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നത്.
“മദ്ധ്യകേരളത്തിൽ, പ്രത്യേകിച്ച് കുട്ടനാടൻ പ്രദേശങ്ങളിൽ വിവിധ ഇടങ്ങളിലാണ് ഓണത്തിനോടനുബന്ധിച്ച് ജലോത്സവം നടത്താറുള്ളത്. ആറന്മുള ഉത്രട്ടാതി വള്ളം കളി, ആലപ്പുഴ പുന്നമടക്കായൽ നെഹ്‌റു ട്രോഫി വള്ളം കളി, ചമ്പക്കുളം മൂലം വള്ളം കളി, നീരേറ്റുപുറം വള്ളം കളി തുടങ്ങി ചെറുതും വലുതുമായ പ്രശസ്തമായ ഇരുപതോളം ജലോത്സവങ്ങൾ ചിങ്ങമാസത്തിലെ വിളവെടുപ്പ് കാലഘട്ടത്തിൽ പതിറ്റാണ്ടുകളായി നടന്നു വരുന്നതാണ്. മദ്ധ്യ കേരളത്തിലെയും കുട്ടനാട് പ്രദേശങ്ങളിലെയും ധാരാളം വള്ളം കളി പ്രേമികൾ അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറിയതുമൂലം നോർത്ത് അമേരിക്കയിൽ മലയാളികൾ കൂടുതലായി പാർക്കുന്ന പല സ്ഥലങ്ങളിലും ഇപ്പോൾ ബോട്ട് ക്ലബ്ബുകൾ രൂപപ്പെട്ടിട്ടുണ്ട്.
പ്രസ്തുത ബോട്ട് ക്ലബ്ബ്കളെ എല്ലാം ഏകോപിപ്പിച്ച് കേരളാ തനിമയുള്ള ഒരു ജല മാമാങ്കം നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനായി പ്രാഥമിക നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.” വള്ളം കളി ചീഫ് കോർഡിനേറ്റർ ഫിലിപ്പ് മഠത്തിൽ പറഞ്ഞു,ഇന്ത്യൻ വംശജരുടെ പ്രത്യേകിച്ച് മലയാളികളുടെ സാന്നിധ്യം ന്യൂയോർക്കിലും അമേരിക്കയിലെ മറ്റു പല പ്രദേശങ്ങളിലും ധാരാളമായി വർദ്ധിച്ചു വരുന്നു. ആരോഗ്യസംരക്ഷണ മേഖലകളിലും ഐ.ടി. മേഖലകളിലും മറ്റ് പല ഉന്നത സ്ഥാനങ്ങളിലും മലയാളികൾ തങ്ങളുടെ കഴിവും സാമർഥ്യവും സാന്നിധ്യവും സേവന തല്പരതയും തെളിയിച്ച് വരുന്ന കാലഘട്ടമാണിത്.
പക്ഷേ പ്രാദേശിക രാഷ്ട്രീയത്തിലും സാമൂഹിക മേഖലയിലും നമ്മുടെ പങ്കാളിത്തം താരതമ്യേന കുറവാണ്. മലയാളീ കമ്മ്യൂണിറ്റിയിലെ ഒട്ടു മിക്ക ആളുകളും രാഷ്ട്രീയ നേതാക്കളുടെ തെരഞ്ഞെടുപ്പുകളിൽ വോട്ടർ റെജിസ്ട്രേഷൻ നടത്തുന്നതിനോ തെരഞ്ഞെടുപ്പ് സമയം ബൂത്തുകളിൽ പോയി തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തുന്നതിനോ ഇപ്പോഴും മടി കാണിക്കുന്നു.അതിനാൽ രാഷ്ട്രീയ നേതൃത്വത്തിൽ ഉള്ളവർക്ക് മലയാളികളുടെ ജനസാന്ദ്രത മനസ്സിലാക്കുവാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. ഈ രാജ്യത്തെ നമ്മുടെ പല അവകാശങ്ങളും എന്തൊക്കെയെന്ന് നാം മനസ്സിലാക്കാതെയും അത് നേടിയെടുക്കുവാൻ ശബ്ദമുയർത്താതെയും അതെല്ലാം നഷ്ടപ്പെടുത്തുന്ന പ്രവണതയാണ് കണ്ടു വരുന്നത്.
ഏതെങ്കിലും സ്ഥാപനങ്ങളിൽ രാത്രിയും പകലും മണിക്കൂറുകളോളം ജോലി ചെയ്തും ഒന്നിലധികം സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്തും മലയാളികൾ ധാരാളം പണംസമ്പാദിച്ച് സർക്കാരിലേക്ക് ടാക്സ് കൃത്യമായി അടച്ചുപോകുന്നതല്ലാതെ നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ നാം തീരെ ശ്രദ്ധിക്കാറില്ല. ഈ പ്രവണത മാറ്റേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. അതേസമയം നാം കഷ്ടപ്പെട്ട് ഉണ്ടാക്കി കൊടുക്കുന്ന ടാക്സിൽ നിന്നുള്ള പ്രയോജനങ്ങളും നമുക്ക് അർഹതപ്പെട്ട അവകാശങ്ങളും മറ്റ് പല സമൂഹവും ധാരാളമായി അനുഭവിച്ചു പേകുന്നു.
മലയാളികളിൽ പലരും ഇതൊന്നും മനസ്സിലാക്കാതെയും ഇതിലൊന്നും ശ്രദ്ധ കൊടുക്കാതെയും അന്തർമുഖരായി മണിക്കൂറുകൾ ജോലിയെടുത്ത് സ്വന്തം കുടുംബങ്ങളിൽ ഒതുങ്ങി കഴിയുന്നു. ഇതിൽ നിന്നുള്ള ഒരു മാറ്റം അനിവാര്യമാണ്.”കുടിയേറ്റ മലയാളികൾ പ്രാദേശിക രാഷ്ട്രീയത്തിലേക്ക് വരാത്തത് മൂലം നമ്മുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ആരും ഇല്ലാത്ത അവസ്ഥയാണ് കണ്ടു വരുന്നത്. ഈ കാര്യങ്ങൾ ഞാൻ എല്ലാ സാമൂഹിക മീറ്റിംഗുകളിലും സൂചിപ്പിക്കാറുണ്ട്. നമ്മുടെ ചെറുപ്പക്കാർ പ്രാദേശിക രാഷ്ട്രീയത്തിൽ കൂടുതലായി പങ്കാളികളാകണം.
മലയാളികളുടെ ശക്തിയും നാം ഈ നാടിനുവേണ്ടി ചെയ്യുന്ന സേവനങ്ങളും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന് ഞാൻ ന്യൂയോർക്ക് സെനറ്റിൽ കഴിഞ്ഞ മൂന്നു നാല് വർഷങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 2019-ൽ മെയ് മാസം മലയാളീ ഹെറിറ്റേജ് മാസമായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം ചരിത്രത്തിലാദ്യമായി ഞാൻ ന്യൂയോർക്ക് സെനറ്റിൽ അവതരിപ്പിച്ചു. അമേരിക്കയിലെ തന്നെ ചരിത്രത്തിൽ ആദ്യമായി 2019-ൽ ന്യൂയോർക്ക് സെനറ്റിൽ മാർത്തോമ്മാ സഭയിലെ ബിഷപ്പായിരുന്ന അഭിവന്ദ്യ ഐസക് മാർ ഫിലെക്സിനോസ് തിരുമേനിയെക്കൊണ്ട് മലയാളത്തിൽ പ്രാർത്ഥിക്കുവാനും പ്രസംഗിക്കുവാനും സാധിച്ചതിന് മലയാളീ സമൂഹത്തിലെ കുറേ പ്രതിനിധികൾ സാക്ഷ്യം വഹിച്ചതാണ്.
പിന്നീട് 2023-മെയ് മാസത്തിൽ ഓർത്തഡോക്സ് സഭാ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ തീത്തൂസ് എൽദോ തിരുമേനിയും 2024-മെയ് മാസത്തിൽ മാർത്തോമ്മാ ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിയും ന്യൂയോർക്ക് സെനറ്റിൽ മലയാളത്തിൽ പ്രാർത്ഥിച്ചതിനും ധാരാളം മലയാളികൾ സാക്ഷ്യം വഹിച്ചതാണ്. അങ്ങനെ മലയാളികളുടെ സാന്നിധ്യം അമേരിക്കൻ പ്രാദേശിക നേതാക്കളുടെ ഇടയിൽ പ്രദർശിപ്പിക്കുവാൻ സാധിച്ചത് എന്നെ നിങ്ങൾ സെനറ്ററായി തെരഞ്ഞെടുത്തതിനാലാണ്. നമ്മുടെ ഈ പൈതൃകം നിലനിർത്തുന്നതിനാണ് ഈ വർഷം ലോങ്ങ് ഐലൻഡ് ഭാഗത്ത് പ്രാദേശിക സമൂഹത്തെ നമ്മുടെ ഓണാഘോഷവും വള്ളംകളിയും കേരളാ പൈതൃക കലകളും കാണിക്കുവാനുള്ള അവസരമായി 2024 സെപ്റ്റംബർ 15-ലെ തിരുവോണ നാളിൽ തന്നെ ആഘോഷം നടത്താമെന്ന് തീരുമാനിച്ചത്.
എല്ലവരുടെയും സഹായ സഹകരണങ്ങൾ ഇതിനുണ്ടാകണം എന്നും ഇത് വൻ വിജയമാക്കണമെന്നും അഭ്യർത്ഥിക്കുന്നു.” ചുരുക്കം നേതാക്കളുമായുള്ള ആദ്യ ആലോചനാ യോഗത്തിന് ശേഷം സെനറ്റർ കെവിൻ തോമസ് മാധ്യമങ്ങളോടായി പറഞ്ഞു.മലയാളീ ഹെറിറ്റേജിൻറെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണദിനത്തിൽ സെപ്റ്റംബർ 15 ഞായർ ഫ്രീപോർട്ടിലെ കൗ മെഡോ പാർക്കിൽ വച്ച് വള്ളം കളി, വടം വലി, പുലികളി, ചെണ്ടമേളം, അത്തപ്പൂവിടൽ തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരം നടത്തുന്നതിനും സംയുക്തമായി ഓണസദ്യ നടത്തുന്നതിനുമാണ് പദ്ധതിയിടുന്നത്.
ഇതിനായി ന്യൂയോർക്കിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ മലയാളീ സംഘടനകളുടെ പ്രസിഡൻറ്മാരുടെയും മറ്റു നേതാക്കളുടെയും യോഗങ്ങൾ വിളിച്ചു ചേർത്ത് വിവിധ കമ്മറ്റികൾ രൂപീകരിക്കുവാനുള്ള ക്രമീകരണങ്ങൾ ഉടൻ ചെയ്യുന്നതാണ് എന്ന് സെനറ്ററിന്റെ ഉപദേശക സമിതി അംഗം അജിത് കൊച്ചൂസ് പ്രസ്താവിച്ചു.
ഇത് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: (1) Ajith Abraham (Kochoos) – 516-225-2814 (2) Biju Chacko – 516-996-4611 (3) Philip Madathil – 917-459-7819 (4) Mathewkutty Easow – 516-455-8596 (5) Kunju Maliyil – 516-503-8082.