മദ്യനയ അഴിമതിക്കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ആശ്വാസമായി ഇടക്കാലജാമ്യം. ഇ.ഡിയുടെ അറസ്റ്റ് ചോദ്യംചെയ്തുള്ള ഹര്‍ജി വിശാല ബെഞ്ചിനുവിട്ട് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമോയെന്ന് കേജ്‌രിവാളിന് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. സി.ബി.ഐ കേസില്‍ കസ്റ്റഡിയിലായതിനാല്‍ കേജ്രിവാളിന് ഉടന്‍ പുറത്തിറങ്ങാനാകില്ല.
കേജ്‌രിവാളിന് ഒരിക്കല്‍കൂടി ഇടക്കാല ജാമ്യത്തിലൂടെ ആശ്വാസം നല്‍കി സുപ്രീം കോടതി. കേസില്‍ ഇ.ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിര്‍ണായക ഉത്തരവ്. അറസ്റിനെതിരായ ഹര്‍ജി നിയമവശങ്ങള്‍ പരിശോധിക്കാനായി വിശാല ബഞ്ചിന് വിട്ടു. വിധിവരുന്നതുവരെയാണ് ഇടക്കാല ജാമ്യം. കേജ്‌രിവാള്‍ 90 ദിവസമായി ജയിലില്‍കഴിയുകയാണെന്ന് ജാമ്യത്തെ എതിര്‍ത്ത ഇ.ഡിയെ കോടതി ഓര്‍മിപ്പിച്ചു. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്, സ്ഥാനത്ത് തുടരണമോയെന്ന് കേജ്‌രിവാളിന് തീരുമാനിക്കാമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന. ചോദ്യം ചെയ്യണമെന്നുള്ളതുമാത്രം അറസ്റ്റിനുള്ള ആവശ്യകതയല്ലെന്നും കോടതി വ്യക്തമാക്കി. വിധി ബി.ജെ.പിക്കുള്ള തിരിച്ചടിയെന്ന് ആം ആദ്മി പാര്‍ട്ടി.
ജാമ്യം ലഭിച്ചെന്നുകരുതി കേജ്‌രിവാള്‍ കുറ്റവിമുക്തനാകുന്നില്ലെന്ന് ബി.ജെ.പിയുടെ മറുപടി. മാര്‍ച്ച് 21നാണ് കള്ളപ്പളം വെളുപ്പിക്കല്‍കേസില്‍ ഇ.ഡി കേജ്‌രിവാളിനെ അറസ്റ്റുചെയ്തത്. മെയ് 10ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചതൊഴിച്ചാല്‍ മൂന്നുമാസത്തിലേറെയായി തിഹാര്‍ ജയിലിലാണ് കേജ്‌രിവാള്‍. അതിനിടെ സി.ബി.ഐയും അറസറ്റ് രേഖപ്പെടുത്തിയതിനാല്‍ കേജ്‌രിവാളിന് ഉടന്‍ ജയിന്‍ മോചനമുണ്ടാവില്ല.