പാക്കിസ്ഥാനിൽ ശുദ്ധജല വിതരണ പദ്ധതിക്ക് തുടക്കമായി: സിറിയക്ക് ഓർത്തഡോക്സ് സഭക്ക് നന്ദി

പാക്കിസ്ഥാനിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും നിരാലംബരുമായ സിറിയക് ഓർത്തഡോക്സ് ക്രിസ്ത്യൻ സമൂഹാംഗങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി അമേരിക്കയിൽ നിന്നുള്ള ഫാ. ജോസഫ് വർഗീസിന്റെ സഹായത്തോടെ പാകിസ്ഥാൻ സിറിയക് ഓർത്തഡോക്സ് ചർച്ച് നടപ്പാക്കുന്ന ശുദ്ധജല പദ്ധതിക്ക് തുടക്കമായി. പാക്കിസ്ഥാനിലെ ഗോണ്ടൽ ഫാം കോട്രി ഗ്രാമത്തിലുള്ള ഷെറ മസിഹിൻ്റെയും നസ്രീൻ്റെയും വീട്ടിൽ വാട്ടർ പമ്പ് സ്ഥാപിച്ച് പദ്ധതിക്ക് തുടക്കമിട്ടതായി സിന്ധ് പ്രവിശ്യയിൽ നിന്നുള്ള ഫാ. ഷാമൂൻ മാസിഹ് അറിയിച്ചു. പാക്കിസ്ഥാനിലെ ദരിദ്ര കുടുംബങ്ങളെ സഹായിക്കാനുള്ള ഈ പദ്ധതിക്ക് ഫാ . ജോസഫ് വർഗീസ് ആണ് സാമ്പത്തിക സഹായം നൽകുന്നത് .
ഏറ്റവും ദുർബലരും ദരിദ്രരുമായ 50 കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായുള്ള ഈ പദ്ധതിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന ആർക്കും ഫാ. ജോസഫ് വർഗീസ് മുഖേന തങ്ങളെ പിന്തുണയ്ക്കാമെന്ന് ഫാ. ഷാമൂൻ മാസിഹ് അറിയിച്ചു. വിശക്കുന്നവർക്ക് ഭക്ഷണം നൽകാനും പാവപ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കാനും അവർക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനും സംഭാവന നൽകാൻ ആഗ്രഹിക്കുന്ന ആർക്കും റവ. ജോസഫ് വർഗീസ് മുഖേന തങ്ങളെ പിന്തുണയ്ക്കാമെന്നും
സുഹൃത്തുക്കളിൽ നിന്നും അഭ്യൂദയകാംക്ഷികളിൽ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നതായും ഫാ. ഷാമൂൻ മാസിഹ് കൂട്ടിച്ചേർത്തു.
പ്രദേശത്തെ നിരവധി ആളുകൾ ശുദ്ധജല ദൗർലഭ്യവും , ശുചിത്വമില്ലായ്മയും മൂലം കഷ്ടപ്പെടുന്നത് ഓരോ ദിവസവും ഇവിടെ ജീവനുകളെ അപകടത്തിലാക്കുന്നുവെന്ന് ഫാ. ഷാമൂൻ മാസിഹ് പറഞ്ഞു . സമീപത്തെ കനാലിൽ നിന്നും നദിയിൽ നിന്നുമുള്ള മലിനജലം മാരക രോഗങ്ങൾ പടർത്തുന്നതിലൂടെ ജീവനുകൾ നഷ്ടപ്പെടുന്നതിനും കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക ബാധ്യത വരുത്തുന്നതിനും ഇടയാക്കുന്ന സാഹചര്യമാണുള്ളത് . ഓരോ വർഷവും 3.57 ദശലക്ഷം ആളുകൾ വെള്ളവുമായി ബന്ധപ്പെട്ട രോഗങ്ങൾ മൂലം മരിക്കുന്നു. പാക്കിസ്ഥാനിലേക്ക് അടുത്തിടെ നടത്തിയ മിഷൻ യാത്രയിൽ ശുദ്ധജല വിതരണത്തിന് സഹായം നൽകുമെന്ന് സിറിയൻ ഓർത്തഡോക്സ് സമൂഹത്തിന് ഉറപ്പുനൽകിയിരുന്നു. അടുത്തിടെ വിശ്വാസത്തിലേക്ക് വന്ന സിറിയൻ ഓർത്തഡോക്സ് കുടുംബങ്ങളെ സഹായിക്കുന്നതിനും അവരുടെ ജീവൻ രക്ഷിക്കാനുമുള്ള ശ്രമമെന്ന നിലയിൽ ഈ പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ട് .
കിണർ കുഴിക്കുന്നത് ശുദ്ധജലം ലഭ്യമാക്കുന്നതിനൊപ്പം ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതിന് സഹായിക്കുന്നു. ഒരു അമ്മയ്ക്ക് തൻ്റെ കുട്ടികളെ ആരോഗ്യത്തോടെ വളർത്തുന്നതിനും ഒരു മകൾക്ക് മണിക്കൂറുകളോളം വെള്ളംചുമന്നു കൊണ്ടുവരുന്ന ബുദ്ധിമുട്ട് ഒഴിവാക്കി സ്കൂളിൽ പോകുന്നതിനും മകന് ശോഭനമായ ഭാവി സ്വപ്നം കാണുന്നതിനും സ്വാതന്ത്ര്യം നൽകുന്നു. ഈ പ്രദേശത്തെ സിറിയക് ഓർത്തഡോക്സ് ക്രിസ്ത്യൻ സമൂഹാംഗങ്ങൾക്ക് ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഫാ. ഷാമൂൻ മാസിഹ് ഏവരുടെയും സഹായം അഭ്യർത്ഥിച്ചു.
മതങ്ങള്‍ തമ്മിലും, വ്യത്യസ്ഥ മത പാരമ്പര്യങ്ങള്‍ക്കിടയിലും വ്യക്തിപരമായും, സ്ഥാപനപരവുമായ തലങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ക്കും, സഹകരണത്തിനും നേതൃത്വം വഹിക്കുന്ന ഫാ. ജോസഫ് വര്‍ഗീസ് അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ വ്യത്യസ്ഥ മുഖമാണ്. ഇപ്പോള്‍ സൗത്ത് ഫ്ളോറിഡയിലെ മയാമിയില്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി. ഭാര്യ ജെസി വര്‍ഗീസ്. മക്കള്‍: യൂജിന്‍ വര്‍ഗീസ്, ഈവാ സൂസന് വര്‍ഗീസ്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം ആന്‍ഡ് ടോളറന്‍സില്‍ (IRFT) അംഗവും, ഹോളി സോഫിയാ കോപ്റ്റിക് ഓര്‍ത്തഡോക്സ് സ്കൂള്‍ ഓഫ് തിയോളജിയിലെ അഡ്ജക്ട് പ്രൊഫസറുമാണ് അച്ചന്.
-ജോർജ് തുമ്പയിൽ