വിജയിയിൽ നിന്നു $1 മില്യൺ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത ഇന്ത്യക്കാരൻ അറസ്റ്റിൽ
ഒരു മില്യൺ ഡോളർ ലോട്ടറിയിൽ വിജയിച്ച ആളിൽ നിന്നു ടിക്കറ്റ് തട്ടിയെടുത്തു എന്ന കേസിൽ ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തു. ടെന്നസിയിലെ മൗർഫ്രീസ്‌ബാറയിലുള്ള പെട്രോൾ ബങ്കിലെ സ്റ്റോറിൽ ജോലി ചെയ്യുന്ന മീർ പട്ടേൽ (23) മോഷണ കുറ്റമാണ് നേരിടുന്നതെന്നു റഥർഫോർഡ് കൗണ്ടി ഷെരീഫിന്റെ ഓഫിസ് അറിയിച്ചു.
ലോട്ടറി അടിച്ചയാൾ ടിക്കറ്റ് കൊടുത്തിട്ടു ഫലം പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോൾ പട്ടേൽ അതു പരിശോധിച്ചിട്ടു കുറഞ്ഞ സമ്മാനം മാത്രമാണ് കിട്ടിയിട്ടുള്ളതെന്നു പറഞ്ഞു ഒരു ചെറിയ തുക നൽകിയ ശേഷം ടിക്കറ്റ് ചപ്പു കുട്ടയിൽ എറിഞ്ഞു.
ആൾ പൊയ്‌കഴിഞ്ഞപ്പോൾ പട്ടേൽ ടിക്കറ്റ് എടുത്തു ലോട്ടറി ഓഫിസിൽ ചെന്നുവെന്നു ഡീറ്റക്റ്റീവ് സ്റ്റീവ് ക്രൈഗ് പറയുന്നു. അവർക്കു പക്ഷെ സംശയം തോന്നി.
പെട്രോൾ ബങ്കിലെ വീഡിയോ ദൃശ്യങ്ങളിൽ നിന്നു പോലീസിനു കാര്യങ്ങൾ വ്യക്തമായി. ചപ്പുകുട്ടയിൽ നിന്നു ടിക്കറ്റ് എടുത്ത ശേഷം പട്ടേൽ ആഘോഷിക്കുന്നത് അതിൽ കാണാം.
വിജയിയെ പോലീസ് വിവരം അറിയിച്ചു. ആന്റിയോക്കിൽ നിന്നുള്ള അദ്ദേഹം മറഞ്ഞിരിക്കാനാണ് ആഗ്രഹിക്കുന്നത്.