കേരളത്തില്‍ നിന്ന് യൂകെയിലേക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്.
കേരളത്തില്‍ നിന്ന് യൂകെയിലേക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നെക്സ്റ്റ് ജന്‍ കപ്പ് അന്താരാഷ്ട്ര അരങ്ങേറ്റത്തിന്റെ ആവേശത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്‌ബോള്‍ അക്കാദമി
ടീമിനെ അഭിനന്ദിച്ചും ഉപദേശങ്ങള്‍ നല്‍കിയും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍
കൊച്ചി, ജൂലൈ 26, 2024: ഏഴുവര്‍ഷം മുമ്പ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് മുത്തൂറ്റിന്റെ ദീര്‍ഘവീക്ഷണത്തില്‍ കേരളത്തിലെ വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ മിടുക്കര്‍ക്ക് പ്രാദേശിക മത്സരങ്ങള്‍ക്കും മൈതാനങ്ങള്‍ക്കുമപ്പുറത്തേക്ക് വളരാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യവുമായി രൂപം കൊണ്ട മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്‌ബോള്‍ അക്കാഡമിക്ക് ഇത് സ്വപ്നസാക്ഷാല്‍ക്കാരത്തിന്റെ സന്ദര്‍ഭം. അക്കാദമിയിലൂടെ പരിശീലനം ലഭിച്ചു വളര്‍ന്ന യുവാക്കള്‍ യുകെയിലെ പ്രശസ്തമായ നെക്സ്റ്റ് ജന്‍ പ്രീമിയര്‍ ലീഗ് കപ്പില്‍ (Next Gen Premier League Cup) കളിക്കാനിറങ്ങുമ്പോള്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്‌ബോള്‍ അക്കാഡമിക്ക് അഭിമാനിക്കാനേറെ.
ഓഗസ്റ്റ് 1 മുതല്‍ 4 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരിക്കും. ആസ്റ്റണ്‍ വില്ല, ക്രിസ്റ്റല്‍ പാലസ്, എവര്‍ട്ടണ്‍, ടോട്ടന്‍ഹാം ഹോട്സ്പര്‍ തുടങ്ങിയ മുന്‍നിര അക്കാദമി ടീമുകള്‍ മാറ്റുരയ്ക്കുന്ന പരമ്പരയില്‍ പങ്കെടുക്കുക വഴി മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്ബോള്‍ അക്കാദമിയുടെ യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര പ്രതിഭകളുടെ വൈദഗ്ധ്യവും വൈവിധ്യമാര്‍ന്ന കോച്ചിംഗ് ശൈലികളും നേരിട്ടനുഭവിക്കാനുള്ള അവസരം ലഭിക്കും.
കായികമേഖലയെ പൊതുവിലും ഫുട്‌ബോളിനെ വിശേഷിച്ചും വിട്ടുവീഴ്ചകളില്ലാതെ പ്രോത്സാഹിപ്പിക്കാനുള്ള പ്രതിബദ്ധതയോടെയാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് (മുത്തൂറ്റ് ബ്ലൂ) ഫുട്‌ബോള്‍ അക്കാദമിക്ക് തുടക്കമിട്ടത്. കളിക്കാര്‍ക്ക് അവരുടെ കഴിവ് സ്വതന്ത്രമായി പ്രകടിപ്പിക്കാനും ഫുട്‌ബോളറെന്ന നിലയിലും വ്യക്തിയെന്ന നിലയിലും വികസിക്കാനുമുള്ള അവസരങ്ങളൊരുക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച അക്കാദമി കളിയുടെ സാങ്കേതികവശങ്ങളിലെ മികവിനൊപ്പം പരസ്പര ബഹുമാനവും മികച്ച ആശയവിനിമയശേഷിയുമുള്ള കളിക്കാരെ വാര്‍ത്തെടുക്കുകയെന്ന ഊന്നലോടെയാണ് പ്രവര്‍ത്തിക്കുന്നത്.
എളിയ പശ്ചാത്തലത്തില്‍ നിന്നുള്ള പ്രതിഭകളെ കണ്ടെത്തുന്നതിലുള്ള അക്കാദമിയുടെ പ്രത്യേക ശ്രദ്ധ അവസരങ്ങളുടെ കുറവ് കൊണ്ട് ഒരു പ്രതിഭയും അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു. കുട്ടികളുടെ പരിശീലനം, സ്‌കൂള്‍ വിദ്യാഭ്യാസം, താമസസൗകര്യം, ഭക്ഷണം, യാത്ര, ഇന്‍ഷുറന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്ന സ്‌കോളര്‍ഷിപ്പാണ് അക്കാദമി നല്‍കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് അക്കാദമി മുന്‍ഗണന നല്‍കുന്നു. അക്കാദമിയിലെ കുട്ടികള്‍ പ്രശസ്തമായ സ്‌കൂളുകളില്‍ മുഴുവന്‍സമയ ക്ലാസുകളില്‍ പഠിുക്കുന്നു. ഇതിനു പുറമെ പഠനത്തില്‍ സഹായിക്കുന്നതിന് ട്യൂട്ടര്‍മാരുടെ പിന്തുണയും നല്‍കുന്നുണ്ട്. ഫുട്‌ബോള്‍ അക്കാഡമിയുടെ ഈ സമഗ്രമായ സമീപനം ഈ വര്‍ഷം നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഡവലപ്‌മെന്റ് ലീഗ് സീസണ്‍ 3-ല്‍ ഫലം കണ്ടിരുന്നു.
കേരള റീജിയണല്‍ ക്വാളിഫയറില്‍ തുടങ്ങി 10 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്‌ബോള്‍ അക്കാദമി യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തി. കരുത്തുറ്റ പ്രതിരോധം കാഴ്ച വെച്ച ടീം 27 ഗോള്‍ നേടിയപ്പോള്‍ 13 എണ്ണം മാത്രമേ വഴങ്ങിയുള്ളൂ. മികച്ച ഫോം ദേശീയ ഗ്രൂപ്പ് ഘട്ടത്തിലും തുടര്‍ന്നുകൊണ്ട്, +14 എന്ന ഗോള്‍ വ്യത്യാസത്തില്‍ ഗ്രൂപ്പ് ബിയില്‍ ടീം ഒന്നാമതെത്തി. പറപ്പൂര്‍ എഫ്സിക്കെതിരായ 8-0 വിജയം ടീമിന്റെ ആക്രമണോല്‍സുകതയുടെയും പ്രതിരോധത്തിന്റെയും ശക്തി തെളിയിച്ചു. രണ്ട് തവണ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്സിയെ ടൈ ബ്രേക്കറില്‍ പരാജയപ്പെടുത്തി സെക്കന്‍ഡ് റണ്ണറപ്പ് ജേതാക്കളായാണ് ടീം, 2024 ലെ നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്.
”ഞങ്ങള്‍ വളരെ ആവേശത്തിലാണ്; എന്റെ മിക്ക കളിക്കാരും ആദ്യമായാണ് വിദേശത്തേക്ക് പോകുന്നത്. ഇത് ഞങ്ങളുടെ അന്താരാഷ്ട്ര അരങ്ങേറ്റവുമാണ്. അതിന്റെ മുഴുവന്‍ ആവേശത്തോടെയാണ് ഞങ്ങള്‍ ഓരോ മത്സരവും ഉറ്റുനോക്കുന്നത്. ടീമിന്റെ കരിയറിന് ഉത്തേജനം നല്‍കാനും അവരുടെ നിലവാരം അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താനും ഇത് ഒരു മികച്ച അവസരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ക്വാളിഫയര്‍ മത്സരം കടുപ്പമാകുമെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ നന്നായി കളിക്കാനും വിജയിക്കാനും ഞങ്ങള്‍ കഴിവിന്റെ പരമാവധി ഉപയോഗിക്കും. കേരളത്തില്‍ നിന്ന് യുകെയിലേക്കുള്ള യാത്രയോര്‍ത്ത് ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ വലിയ വിസ്മയത്തിലാണ്. എന്നാല്‍ ഇതൊരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വേദികള്‍ ഞങ്ങള്‍ക്ക് ലഭിക്കുമെന്നും ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്,’ ഹെഡ് കോച്ച് മുഹമ്മദ് അനസില്‍ പറഞ്ഞു പറഞ്ഞു.
‘ഞങ്ങളുടെ അക്കാദമിയിലെ കുട്ടികള്‍ വര്‍ഷം മുഴുവന്‍ ഒന്നിച്ചു താമസിക്കുകയും ഒന്നിച്ചു സ്‌കൂളില്‍ പോകുകയും ഒരുമിച്ചു പരിശീലിക്കുകയും ചെയ്യുന്നു. നിരന്തരമുള്ള ഇടപെടലുകളിലൂടെ അവര്‍ ആഴത്തിലുള്ള അടുപ്പം സ്ഥാപിക്കുകയും എല്ലാ ദിവസവും ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കുകയും കളി കാണുകയും കളിക്കുകയും ചെയ്യുന്ന സംസ്‌കാരത്തിന് രൂപം കൊടുക്കുകയും ചെയ്യുന്നു. ഇത് പൂര്‍ണമായും തങ്ങളുടെ വികാസത്തില്‍ ശ്രദ്ധയൂന്നാന്‍ അവര്‍ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു. ഇതാണ് അക്കാദമിയുടെ അന്തരീക്ഷത്തെ വ്യത്യസ്തമാക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
2024 നെക്സ്റ്റ് ജെന്‍ കപ്പിന്റെ ഭാഗമാകുന്നതിലെ ആവേശം മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പങ്കുവച്ചു. ‘മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്‌ബോള്‍ അക്കാദമിയിലെ ഞങ്ങളുടെ കളിക്കാരുടെയും മുഴുവന്‍ ടീമിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അഭിനിവേശത്തിന്റെയും തെളിവാണ് ഈ അവസരം. ഫുട്‌ബോളിനെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്ന കേരളത്തില്‍ നിന്ന് ഈ അവസരം ലഭിക്കുന്ന ഏക അക്കാദമി ആകുക എന്നത് തീര്‍ച്ചയായും അഭിമാന നിമിഷമാണ്. വിവിധ കായിക ഇനങ്ങളില്‍ യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വേദികള്‍ സൃഷ്ടിക്കുന്നതിനുള്ള കാഴ്ചപ്പാടോടെയാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സ്‌പോര്‍ട്‌സ് അക്കാദമികള്‍ സ്ഥാപിച്ചത്. പ്രൊഫെഷണല്‍ പരിശീലനം, ഉന്നതമായ സൗകര്യങ്ങള്‍, സമഗ്രമായ പരിശീലന പരിപാടികള്‍ എന്നിവ നല്‍കിക്കൊണ്ട് താഴെത്തട്ടില്‍ നിന്നുള്ള കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം,’ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു.
”ഞങ്ങളുടെ കുട്ടികള്‍ നെക്സ്റ്റ് ജെന്‍ കപ്പ് 2024 ന്റെ അഞ്ചാം പതിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നുവെന്നത് അഭിമാനകരമാണ്. മുന്‍നിര പ്രീമിയര്‍ ലീഗ് ജൂനിയര്‍ ടീമുകള്‍ക്കെതിരെ കളിക്കുന്നത് അവര്‍ക്ക് കൂടുതല്‍ പഠിക്കാനും മികവ് പുലര്‍ത്താനുമുള്ള അവസരമാണ്. അന്താരാഷ്ട്ര രംഗത്തേക്കുള്ള അരങ്ങേറ്റത്തില്‍ ഞങ്ങളുടെ ‘നീലപ്പട’ മൈതാനം കീഴടക്കുന്നത് കാണാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ‘ മുത്തൂറ്റ് പാപ്പച്ചന്‍ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഹന്ന മുത്തൂറ്റ് പറഞ്ഞു.
ഫോട്ടോ 1 – യുകെയില്‍ ഓഗസ്റ്റ് 1 മുതല്‍ 4 വരെ നടക്കുന്ന നെക്സ്റ്റ് ജന്‍ പ്രീമിയര്‍ ലീഗ് കപ്പില്‍ പങ്കെടുക്കുന്ന മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമി ടീമിനോടൊപ്പം സിനിമാതാരം ഫഹദ് ഫാസില്‍, മുത്തൂറ്റ് ഫിന്‍കോര്‍പ് ഡയറക്ടര്‍മാരായ തോമസ് മുത്തൂറ്റ്, ജോര്‍ജ് മുത്തൂറ്റ്, ഹന്ന മുത്തൂറ്റ്, ശ്വേത മുത്തൂറ്റ്, കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും ഗ്രൂപ്പ് മീരാന്‍ ചെയര്‍മാനുമായ നവാസ് മീരാന്‍ എന്നിവര്‍
ഫോട്ടോ 2 – യുകെയില്‍ ഓഗസ്റ്റ് 1 മുതല്‍ 4 വരെ നടക്കുന്ന നെക്സ്റ്റ് ജന്‍ പ്രീമിയര്‍ ലീഗ് കപ്പില്‍ പങ്കെടുക്കുന്ന മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമിയുടെ ബ്ലൂ ജേഴ്‌സി സിനിമാതാരം ഫഹദ് ഫാസില്‍, മുത്തൂറ്റ് ഫിന്‍കോര്‍പ് ഡയറക്ടര്‍മാരായ തോമസ് മുത്തൂറ്റ്, ഹന്ന മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു