ജൂലൈ 13-നു പെന്‍സില്‍വാനിയയിലെ ബട്ലറിലുണ്ടായ വധശ്രമത്തിനിടെ തന്നെ സംരക്ഷിച്ച വനിതാ സീക്രട്ട് സര്‍വീസ് ഏജന്റിനെ പ്രശംസിച്ച് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഭവവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വനിതാ ഏജന്റിനെ സംരക്ഷിക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.
വെടിവെപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ എത്തിയ ഒട്ടുമിക്ക ചിത്രങ്ങളിലും ട്രംപിനെ ചേര്‍ത്തുപിടിച്ച് സംരക്ഷിക്കുന്ന വനിതാ ഏജന്റിന്റെ ചിത്രവും വൈറലായിരുന്നു. ട്രംപിനേക്കാള്‍ പൊക്കം കുറവായതിനാല്‍ അവര്‍ പരക്കെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. “ഇത്ര പൊക്കം കുറഞ്ഞ ഒരാള്‍ തന്നെക്കാള്‍ ഉയരമുള്ള ട്രംപിനെ എങ്ങനെ സംരക്ഷിക്കും” എന്നതുപോലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ശരിയായി മുന്‍ പ്രസിഡന്റിനെ സംരക്ഷിച്ചില്ലെന്നുമടക്കം വിമര്‍ശനം ഉയര്‍ന്നു.
എന്നാല്‍, തന്നെ സംരക്ഷിച്ച വനിതാ ഏജന്റ് മിടുക്കിയാണെന്നും ധൈര്യശാലിയായിരുന്നുവെന്നും അവര്‍ക്ക് കഴിയുന്ന രീതിയിലുള്ള എല്ലാ മാര്‍ഗ്ഗങ്ങളിലും അവര്‍ തന്നെ സംരക്ഷിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ബട്ലറിലെ റാലിക്കിടെ തോമസ് ക്രൂക്സ് എന്ന 20കാരനാണ് ട്രംപിന് നേരെ വെടിയുതിര്‍ത്തത്. വലതു ചെവിക്ക് ചെറിയ പരിക്കേല്‍ക്കുകയും ട്രംപ് വധശ്രമത്തെ അതിജീവിക്കുകയുമായിരുന്നു. സംഭവം തടയുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടെന്ന വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബര്‍ലി ചീറ്റില്‍ കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു.