വയനാട് ഉരുള്‍പൊട്ടലിൽ മരണസംഖ്യ 41 ആയി
വയനാട്: കേരളത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടലിൽ മരണസംഖ്യ 41 ആയി ഉയർന്നു. 35 മൃതദേഹങ്ങൾ മേപ്പാടിയിലെ വിവിധ ആശുപത്രികളിലായാണ് കണ്ടത്തിയത്. 70 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മേപ്പാടി സർക്കാർ ആശുപത്രിയിൽ 18, സ്വകാര്യ ആശുപത്രിയിൽ 7, നിലമ്പൂർ, മഞ്ചേരി ആശുപത്രികളിൽ 8 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നിലമ്പൂർ പോത്തുകല്ലിൽ ചാലിയാറിലൂടെ 11 മൃതദേഹങ്ങളും മലപ്പുറം ഇരുട്ടുകുത്തിയിൽ 4 മൃതദേഹങ്ങളും ഒഴുകിയെത്തി.മുണ്ടക്കൈയിൽ കുന്നിന്റെ മുകളിലും റിസോർട്ടിലും രക്ഷതേടി 250 പേരാണ് നിലകൊള്ളുന്നത്. കുന്നിന്റെ മുകളിൽ 150 പേരും, റിസോർട്ടിൽ 100 പേരുമുണ്ട്.
വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് പേരുടെ നില ഗുരുതരമാണ്.അധികവും കുട്ടികളും സ്ത്രീകളുമാണ് ദുരന്തബാധിതരായത്. 50 വീടുകളെങ്കിലും തകർന്നതായും മുണ്ടക്കൈയിലെ നാട്ടുകാർ പറഞ്ഞു. അവിടെ ബാക്കിയുള്ളത് 10 വീടുകൾ മാത്രമാണെന്നും റിസോർട്ട് ജീവനക്കാരൻ അറിയിച്ചു.
മസ്ജിദ് തകർന്നു, ഉസ്താദിനെ ഉൾപ്പെടെ നിരവധി പേരെ കാണാനില്ലെന്നും യൂനുസ് പറഞ്ഞു.മുണ്ടക്കൈയിൽ രക്ഷാപ്രവർത്തകർക്ക് എത്താൻ ഇന്നും സാധിച്ചിട്ടില്ല. പാലം തകർന്നതിനാൽ താൽക്കാലിക പാലം ഉണ്ടാക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് എത്തിയ ഹെലികോപ്റ്ററുകൾ തിരിച്ചുപോയി.
പുഴയിലെ ചെളിയും മഴയും ഒഴുക്കും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു.രക്ഷാപ്രവർത്തനത്തിന് എത്തിയ രണ്ട് ഹെലികോപ്റ്ററുകളും വയനാട്ടിൽ ഇറങ്ങാനാവാതെ കോഴിക്കോട് മടങ്ങി. ഇതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. 250 പേരെ രക്ഷിക്കാൻ കേരളം സൈന്യത്തിന്റെ സഹായം തേടി. 138 അംഗ സൈനിക സേനയും നാല് എൻഡിആർഎഫ് സംഘങ്ങളും എത്തിയിട്ടുണ്ട്. അഞ്ച് മന്ത്രിമാർ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്.
കൺട്രോൾ റൂം നമ്പർ: * 9656938689 * 8086010833