വയനാട് ദുരന്തം: മരണം 93 കടന്നു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം
കൽപ്പറ്റ: വയനാട് ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ടു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു.വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണമെന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.**
ദുരന്തത്തിലെ മരണസംഖ്യ ഉയരുന്നു: കേരളത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നാല് മണിവരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം 93 മരണം സ്ഥിരീകരിച്ചു. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 52 മരണമാണ് സ്ഥിരീകരിച്ചത്. ഇതില്‍ 35 പേരെ തിരിച്ചറിഞ്ഞു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 30 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വിംസ് ആശുപത്രിയില്‍ 9 മരണം സ്ഥിരീകരിച്ചിരിക്കുകയാണ്, ഇതില്‍ 5 പേരെ തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ 1, ബത്തേരി താലൂക്ക് ആശുപത്രിയില്‍ 1 എന്നിങ്ങനെ മരണം സ്ഥിരീകരിച്ചിരിക്കുന്നു. ദുരന്തത്തിലെ രക്ഷാപ്രവർത്തനമടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി ഇന്ന് 5 മണിക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.