പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാകർ രണ്ടാമത്തെ മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. പത്ത് മീറ്റർ എയർ പിസ്റ്റൾ ടീം ഷൂട്ടിങ് റേഞ്ചിലാണ് മനു വെങ്കലം നേടിയത്. ദക്ഷിണ കൊറിയയെ തകർത്താണ് മനു ഭാകർ- സരബ്ജോത് സിംഗ് സഖ്യം ഇന്ത്യക്കായി മെഡൽ സ്വന്തമാക്കിയത്.നേരത്തെ പത്ത് മീറ്റർ വനിതാ എയർ റൈഫിളിലും മനു ഭാകർ വെങ്കലം നേടിയിരുന്നു. ഷൂട്ടിങ്ങിലെ ഇന്ത്യയുടെ 12 വർഷത്തെ മെഡൽ വരൾച്ചയാണ് മനു അവസാനിപ്പിച്ചത്.
ഇതോടെ ഒരു ഒളിമ്പിക്സ് എഡിഷനിൽ രണ്ട് മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിത താരമെന്ന റെക്കോർഡ് മനു ഭാകർ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.ദക്ഷിണ കൊറിയയുടെ വൊൻഹോ ലീ, ജിൻ യെ എന്നീ സഖ്യത്തെയാണ് ഇന്ത്യൻ സഖ്യമായ മനു ഭാകർ-സരബ്ജോത് സിംഗ് എന്നിവർ കീഴടക്കിയത്.
16-10 എന്ന സ്കോറിൽ കൊറിയയെ ഡോമിനേറ്റ് ചെയ്യാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചു.നോർമൻ പ്രിറ്റ്ചാർഡിന് ശേഷമാണ് ഇന്ത്യക്കായി ഒരു താരം ഒളിമ്പിക്സിൽ രണ്ട് മെഡൽ സ്വന്തമാക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുന്നതിന് മുമ്പാണ് നോർമൻ ഇന്ത്യക്കായി മത്സരിച്ചത്. 1900 പാരിസ് ഒളിമ്പിക്സിലായിരുന്നു അദ്ദേഹം രണ്ട് മെഡൽ നേടിയത്. 200 മീറ്റർ ഓട്ടം, 200 മീറ്റർ ഹർഡിൽ എന്നിവയിലായിരുന്നു നോർമൻ മെഡൽ നേടിയത്.