വയനാട് ഉരുള്‍പൊട്ടല്‍: 224 പേര് മരിച്ചു, 225 പേരെ കാണാതായി
വയനാട്: വയനാട് ഉരുള്‍പൊട്ടലില്‍ 224 പേര് മരണപ്പെട്ടത് ഏറെ വേദനാജനകമാണ്. 225 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മുണ്ടക്കൈ പുഴയില്‍ കുത്തൊഴുക്ക് വര്‍ദ്ധിച്ചതോടെ ജലനിരപ്പും ഉയര്‍ന്നു. ഇതുമൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതായിരിക്കുകയാണ്. സൈന്യം ഇന്നലെ തയാറാക്കിയ നടപ്പാലം മുങ്ങിപ്പോയി. ഇതുകൊണ്ട് ബെയ്ലി പാലത്തിന്റെ നിര്‍മാണം തല്ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. മുണ്ടക്കൈയില്‍ മഴ ശക്തമായതോടെ തിരച്ചില്‍ ദുഷ്ക്കരമായി. മുഖ്യമന്ത്രി പിണറായി വിജയന് അമിത്ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്ന് പ്രതികരിച്ചു.
“ദുരന്തത്തിനു മുമ്പ് വയനാട്ടില്‍ റെഡ് അലര്‍ട്ട് കിട്ടിയിരുന്നില്ല. 29ന് ഉച്ചയ്ക്ക് നല്കിയ അലര്‍ട്ടില്‍ പോലും ഒറഞ്ച് അലര്‍ട്ട് മാത്രം. ദുരന്തം ഉണ്ടായശേഷമാണ് റെഡ് അലര്‍ട്ട് നല്കിയതും,” മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് മുണ്ടക്കൈയില്‍ നിന്നും 10 മൃതദേഹങ്ങളും ചാലിയാര്‍ പുഴയില്‍ നിന്നും 24 മൃതദേഹങ്ങളും കണ്ടെത്തി. മുണ്ടക്കൈയിലും ചൂരല്‍മലയിലും തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്ണും പാറകളും കോണ്‍ക്രീറ്റ് പാളികളും തിരച്ചില്‍ ദുഷ്ക്കരമാക്കുന്നു.
പുഴയ്ക്കുകുറുകെ ബെയ്ലി പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. മൂന്ന് മണ്ണുമാന്തിയന്ത്രങ്ങള്‍ പുഴയിലൂടെ അക്കരെയെത്തിച്ചു.ഉരുള്‍പൊട്ടലിനെക്കുറിച്ച് കേരളത്തിന് രണ്ടുതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. “നടപടിയെടുത്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും, കേരള സര്‍ക്കാര്‍ എന്തുചെയ്തെന്നും ജനങ്ങളെ മാറ്റിയില്ലെന്നും” അമിത് ഷാ രാജ്യസഭയില്‍ പ്രസ്താവിച്ചു.
ചാലിയാര്‍ തീരത്തെ തിരച്ചില്‍ കനത്ത മഴയിലും തുടരുകയാണ്. ഇതുവരെ 40ലേറെ മൃതദേഹങ്ങളും 45ലേറെ മൃതദേഹ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. കൃത്യമായ സ്ഥലങ്ങള്‍ കണ്ടെത്താനാവാത്ത സ്ഥിതിയാണ്. യുവാക്കള്‍ സ്വന്തം ജീവന് പണയം വച്ചാണ് കാണാതായവർക്കായി ചാലിയാറിൽ തിരച്ചിൽ തുടരുന്നത്.