യു.എസ് തെരഞ്ഞെടുപ്പ്: കമലാ ഹാരിസിനെതിരേ വംശീയ പരാമർശവുമായി ഡൊണാൾഡ് ട്രംപ്
ചിക്കാഗോ: നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിന്റെ വ്യക്തിത്വത്തെ അധിക്ഷേപിച്ച് ഡൊണാൾഡ് ട്രംപ്. കറുത്തവർഗക്കാരായ മാധ്യമപ്രവർത്തകരുടെ സമ്മേളനത്തിലാണ് മുൻ യു.എസ് പ്രസിഡന്റ് കമലാ ഹാരിസിനെതിരേ പരാമർശം നടത്തിയത്.
വംശീയ പരാമർശങ്ങൾ ‘അവർ എല്ലായ്‌പ്പോഴും ഇന്ത്യൻ പൈതൃകത്തിലായിരുന്നു. ആ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുക മാത്രമായിരുന്നു ചെയ്തത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കറുത്തതായി മാറുന്നതുവരെ അവർ കറുത്തവളാണെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോളവർ കറുത്തതായി അറിയപ്പെടാൻ ആഗ്രഹിക്കുന്നു. അവർ ഇന്ത്യക്കാരിയാണോ അതോ കറുത്തവൾ ആണോ എന്ന് എനിക്കറിയില്ല. എന്നാൽ, ഞാൻ രണ്ടുപേരെയും ബഹുമാനിക്കുന്നു. പക്ഷെ, അവരത് ചെയ്യുന്നില്ല. കാരണം അവർ എല്ലാ വഴികളിലും ഇന്ത്യക്കാരിയായിരുന്നു. പിന്നെ പെട്ടെന്നാണവർ തിരിഞ്ഞ് ഒരു കറുത്ത വ്യക്തിയായത്,’ – 1000ത്തോളം പേരടങ്ങിയ സദസ്സിനു മുമ്പാകെയായിരുന്നു ട്രംപിന്റെ ഈ പരാമർശം.
കമലാ ഹാരിസിന്റെ പ്രതികരണം– ഇന്ത്യൻ-ജമൈക്കൻ പാരമ്പര്യമുള്ള കമലാ ഹാരിസ് കറുത്ത വർഗക്കാരിയും ഏഷ്യക്കാരിയുമായി നേരത്തെ സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്. ‘മുൻ പ്രസിഡന്റിനു കീഴിലുള്ള നാല് വർഷം രാജ്യം എങ്ങനെയായിരുന്നു എന്നതിന്റെ മറ്റൊരു ഓർമ്മപ്പെടുത്തലാണ് ഈ പരാമർശങ്ങൾ,’ എന്ന് ഹൂസ്റ്റണിൽ നടന്ന സമ്മേളനത്തിൽ കമലാ ഹാരിസ് പ്രതികരിച്ചു. ‘ഭിന്നിപ്പിന്റെയും അനാദരവിന്റെയും പഴയ അതേ പ്രകടനമാണിത്. അമേരിക്കൻ ജനത ഇതിനേക്കാൾ മികച്ചത് അർഹിക്കുന്നുവെന്നും’ കമല പറഞ്ഞു.
വംശീയ-ലൈംഗിക ആക്രമണങ്ങൾ- ഈ മാസാദ്യം വൈറ്റ് ഹൗസ് കാമ്പെയ്ൻ ആരംഭിച്ചതുമുതൽ സൈബറിടങ്ങളിൽ ലൈംഗിക-വംശീയ ആക്രമണങ്ങൾ നേരിട്ടുവരികയാണ് കമലാ. തീവ്ര വലതുപക്ഷ അക്കൗണ്ടുകൾ അവരുടെ സ്വത്വത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ, വ്യക്തിപരമായ ആക്രമണങ്ങളിൽനിന്ന് വിട്ടുനിൽക്കാനും അവരുടെ നയ നിലപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ സമാജികരോട് അഭ്യർഥിക്കുകയും ചെയ്തു.
അതിനു പിന്നാലെയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിതന്നെ കമലക്കെതിരെ വംശീയാധിക്ഷേപങ്ങൾ പ്രയോഗിച്ചത്. ‘വാചാടോപം കുറക്കണമെന്ന ഉപദേശം അവഗണിക്കുമെന്നും താൻ നല്ലവനായിരിക്കില്ല’ എന്നുമായിരുന്നു ഒരു പ്രചാരണ റാലിയിൽ ട്രംപ് അനുയായികളോട് പറഞ്ഞത്.
കമലാ ഹാരിസിന്റെ പിന്തുണ വർധിക്കുന്നു– ജൂണിൽ നടന്ന പ്രസിഡന്റ് സംവാദത്തിൽ യു.എസ് തെക്കൻ അതിർത്തി കടന്നെത്തുന്ന കുടിയേറ്റക്കാരിൽനിന്ന് ‘കറുത്ത തൊഴിലുകൾ’ എടുത്തുകളയുമെന്ന ട്രംപിന്റെ പരാമർശം കറുത്തവർഗക്കാരായ നേതാക്കളിൽനിന്ന് വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. അതിനിടെ, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പിന്തുണ വർധിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.