വയനാട്ടിൽ നാല് പേരെ ജീവനോടെ കണ്ടെത്തി സൈന്യം
കൽപറ്റ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതിന്റെ നാലാം ദിവസം സൈന്യം നടത്തിയ തിരച്ചിലിൽ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാലുപേരെ ജീവനോടെ കണ്ടെത്തി. നാലു ദിവസമായി ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാലുപേരെയാണ് കണ്ടെത്തിയത്. ഇവരിൽ ഒരാൾക്ക് പരുക്കുണ്ട്. നാലുപേരെയും രക്ഷിച്ചതായി സൈന്യം അറിയിച്ചു.
പടവെട്ടിക്കുന്നിൽ കണ്ടെത്തിയവരിൽ 2 പുരുഷന്മാരും 2 സ്ത്രീകളും ഉൾപ്പെടുന്നു. ജോണി, ജോമോൾ, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് സൈന്യം രക്ഷിച്ചത്. ഇവർ നാല് ദിവസമായി വീട്ടിൽ കുടുങ്ങി കഴിഞ്ഞിരുന്നുവെന്ന് സൈന്യം അറിയിച്ചു. നാലുപേരെയും വ്യോമമാർഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി കരസേന അറിയിച്ചു.
ഉരുൾപൊട്ടലുണ്ടായി 78 മണിക്കൂറിന് ശേഷമാണ് ഇവരെ ജീവനോടെ കണ്ടെത്തിയത്. ഒരു വീടിന്റെ തകർന്ന ഭാഗത്താണ് ഇവർ ഉണ്ടായിരുന്നത്. വീടിന് കാര്യമായ പരുക്കേൽക്കാതിരുന്നെങ്കിലും വഴികളും മറ്റ് അനുബന്ധ സൗകര്യങ്ങളും തകർന്നതോടെ നാലുപേരും ഒറ്റപ്പെട്ടു.
അതേസമയം, മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ ഉരുൾപൊട്ടലിൽ മരണം 316 ആയി. അനൗദ്യോഗിക കണക്കുകൾ പ്രകാരം 298 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. സൈന്യം നിർമ്മിച്ച ബെയ്‌ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി. സൈന്യവും എൻഡിആർഎഫും സംസ്ഥാന സർക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്.