കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച് ചൈല്‍ഡ് ഹെല്‍പ് ഫൗണ്ടേഷന്‍
കൊച്ചി: രാജ്യമെമ്പാടും സാന്നിധ്യമുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ചൈല്‍ഡ് ഹെല്‍പ്പ് ഫൗണ്ടേഷന്‍ (സിഎച്ച്എഫ്) സമൂഹത്തിന്റെ താഴെത്തട്ടിലുള്ള കുട്ടികളുടേയും ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരുടേയും വിദ്യാഭ്യാസം, പ്രാഥമിക ആവശ്യങ്ങള്‍, ശുചീകരണം തുടങ്ങിയ മേഖലകളില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ക്യാമ്പെയ്‌ന് തുടക്കമായി. ഈ ക്യാമ്പെയ്‌നിലൂടെ ഇതുവരെ കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചവരും മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളുമുള്‍പ്പെടെ 115 പേര്‍ക്ക് സഹായമെത്തിച്ചതായി സിഎച്ച്എഫ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. കുമളിയില്‍ നടത്തിയ കമ്പളിപ്പുതപ്പ് വിതരണമാണ് ഈയിടെ നടപ്പാക്കിയ മറ്റൊരു സാമൂഹ്യസേവന പദ്ധതി.
കൊച്ചി അയ്യമ്പിള്ളിയില്‍ ബീച്ച് ശുചീകരണം, പള്ളുരുത്തിയില്‍ അംഗപരിമിതര്‍ക്കായി നടത്തുന്ന സെന്റ് ജോസഫ്‌സ് കൊത്തലങ്കോ കേന്ദ്രത്തില്‍ ഭിന്നശേഷി ദിനാചരണം, ദാന്‍ ഉത്സവിന്റെ ഭാഗമായി തേവരയിലും പ്രകൃതിക്ഷോഭങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പത്തനംതിട്ട മല്ലപ്പിള്ളിയിലും കിറ്റുകളുടെ വിതരണം, എറണാകുളം ജനറല്‍ ആശുപത്രി, വിപിഎസ് ലേക്ക്‌ഷോര്‍ എന്നിവിടങ്ങൡ ബേബി ഫീഡിംഗ് സെന്ററുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ നടത്തിയതായി സിഎച്ച്എഫ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. 2010-ല്‍ സുനില്‍ വര്‍ഗീസ്, രാജേന്ദ്ര പഥക്, ജുഗേന്ദര്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട സിഎച്ച്എഫ് രാജ്യമെമ്പാടുമായി ഇതുവരെ 48 ലക്ഷത്തിലേറെപ്പേര്‍ക്ക് വിവിധ സഹായങ്ങളെത്തിച്ചതായും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫൗണ്ടേഷന്റെ സോഷ്യല്‍ മീഡിയാ പേജുകളും വെബ്‌സൈറ്റും സന്ദര്‍ശിച്ച് സഹായമെത്തിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വിവരങ്ങള്‍ക്ക്: https://childhelpfoundation.in/