തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ 37 മണിക്കൂറിന് ശേഷം താംബരം എക്സ്പ്രസിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചു കൊണ്ടുവരാൻ പൊലീസ് ശ്രമം തുടരുന്നു. വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരുവനന്തപുരത്തു നിന്നും കുട്ടിയെ തിരിച്ചെത്തിക്കാൻ വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്.
കുട്ടിയെ ആദ്യമായി തിരിച്ചറിഞ്ഞത് മലയാളി അസോസിയേഷൻ പ്രവർത്തകരാണ്. ട്രെയിനിനുള്ളിൽ ബെർത്തിൽ ഉറങ്ങിയ നിലയിലായിരുന്നു പെൺകുട്ടി. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.
കുട്ടിയെ തിരികെ കൊണ്ടുവന്ന ശേഷം വൈദ്യപരിശോധനയും കൗൺസലിംഗും നല്‍കിയ ശേഷം കുടുംബത്തിന് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.