വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ, യു.എസ് യുക്രെയ്‌നിന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ചു. 125 മില്യൺ ഡോളറിന്റെ പാക്കേജാണ് അമേരിക്ക നൽകുന്നതെന്ന് പ്രസിഡൻറ് ജോ ബൈഡൻ അറിയിച്ചു. യുക്രെയ്ൻ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി പ്രസിഡന്റ് സെലൻസ്‌കിയുമായി നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു ഈ പ്രഖ്യാപനം.
“യുക്രെയ്‌നിന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ചതിൽ അഭിമാനമുണ്ട്,” ബൈഡൻ പ്രസ്താവിച്ചു. പാക്കേജിൽ വ്യോമ പ്രതിരോധ മിസൈലുകൾ, ആന്റി ആർമർ മിസൈലുകൾ, മൊബൈൽ റോക്കറ്റ് സംവിധാനങ്ങൾ, മറ്റ് അത്യാധുനിക ആയുധങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. “റഷ്യ വിജയിക്കില്ല, യുക്രെയ്‌നിലെ ജനങ്ങൾ വിജയിക്കും,” ബൈഡൻ വ്യക്തമാക്കി.
സഹായത്തിന് നന്ദി അറിയിച്ച് സെലൻസ്‌കി, “വ്യോമ പ്രതിരോധ മേഖലയിൽ ലഭിക്കുന്ന സഹായം രാജ്യത്തിനായി വളരെ നിർണായകമാണ്,” എന്ന് പറഞ്ഞു. 2022-ൽ യുദ്ധം ആരംഭിച്ച ശേഷം 55 ബില്യൺ ഡോളറിന്റെ സൈനിക സഹായമാണ് യു.എസ് ഇതിനകം യുക്രെയ്‌നിന് കൈമാറിയതെന്നും റിപ്പോർട്ട്.