
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദർശന തിരുനാൾ ഒൻപത് ദിവസങ്ങൾ നീണ്ടു നിന്ന ഭക്തിനിർഭരമായ പരിപാടികളോടെ സമാപിച്ചു. കോട്ടയം കല്ലിശ്ശേരി ഇടവക വികാരി റവ. ഫാ. റെന്നി കട്ടേൽ അർപ്പിച്ച ഭക്തിനിർഭരമായ വിശുദ്ധ കുർബ്ബാനയോടെയാണ് തിരുനാൾ കർമ്മങ്ങൾ ആരംഭിച്ചത്. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട നൊവേനക്കും ലദീഞ്ഞിനും പ്രദിക്ഷിണത്തിനും ശേഷം ഇടവക വികാരി റവ, ഫാ. സിജു മുടക്കോടിൽ തിരുനാൾ പതാക ഉയർത്തികൊണ്ട് തിരുനാളിന് ഔദ്യോഗികമായ തുടക്കം കുറിച്ചു. കൊടിയേറ്റിന് ശേഷം, തിരുനാൾ ഏറ്റെടുത്ത് നടത്തുന്ന സെന്റ് ജൂഡ് കൂടാരയോഗത്തിലെ വനിതകൾ അവതരിപ്പിച്ച ക്രിസ്ത്യൻ തിരുവാതിര ഏറെ ശ്രദ്ധ നേടി. സ്നേഹവിരുന്നോടെയാണ് തിരുനാളിന്റെ ഒന്നാം ദിനത്തെ ആഘോഷങ്ങൾ സമാപിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ മലങ്കര റീത്തിലുള്ള കുർബ്ബാനയടക്കം എല്ലാ ദിവസവും ആഘോഷമായ തിരുക്കർമ്മങ്ങൾ നടത്തപ്പെട്ടു. യുവജനങ്ങൾക്ക് വേണ്ടി ഇംഗ്ളീഷിലുള്ള തിരുക്കർമ്മങ്ങൾക്ക് വെള്ളിയാഴ്ച്ച വൈകുന്നേരം ക്നാനായ റീജിയൻ യൂത്ത് ഡയറക്ടർ ഫാ. ബീൻസ് ചേത്തലിൽ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ഇടവകയിലെ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട കലാ സന്ധ്യ വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധ നേടി. ശനിയാഴ്ച്ച വൈകുന്നേരം ബെൻസൺ വിൽ സേക്രഡ് ഹാർട്ട് ക്നാനായ ഇടവക യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരിയും ക്നാനായ റീജിയൻ ഡയറക്ടറും കൂടിയായ മോൺസിഞ്ഞോർ തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിച്ചു. ദർശന സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ പ്രസിദേന്തി വാഴ്ചയും കപ്ലോൻ വാഴ്ച്ചയും തിരുക്കർമ്മങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു. തുടർന്ന് നടത്തപ്പെട്ട കലാ സന്ധ്യക്ക് മുൻപായി കോട്ടയം അതിരൂപതാംഗവും അൾജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാൻ സ്ഥാനപതിയായി സേവനം അനുഷ്ഠിക്കുന്ന ആർച്ച് ബിഷപ്പ് കുര്യൻ വയലുങ്കൽ പിതാവിന് ഇടവകയുടെ ഔദ്യോഗികമായ സ്വീകരണം നൽകുകയും അദ്ദേഹം കലാ സന്ധ്യ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കലാ സന്ധ്യക്ക് തിരുനാൾ പ്രസുദേന്തിമാരായ സെന്റ് കൂടാരയോഗത്തിലെ അംഗങ്ങളും ഇടവകയിലെ വിവിധ മിനിസ്ട്രികളും നേതൃത്വം നൽകി.



തിരുനാളിന്റെ പ്രധാന ദിവസമായ ഓഗസ്റ്റ് 18 ന് നടത്തപ്പെട്ട ആഘോഷമായ റാസാ കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം വഹിചത് ആർച്ച് ബിഷപ്പ് കുര്യൻ വയലുങ്കൽ പിതാവാണ്. ആയിരക്കണക്കിന് ആളുകൾ പങ്കുചേർന്ന റാസാ കുർബ്ബാനക്ക് ഫാ. ബോബൻ വട്ടംപുറത്ത്, ഫാ. സിജു മുടക്കോടിൽ, ഫാ. പോൾ മുത്തൂറ്റ് , ഫാ. ജിതിൻ വല്ലാർക്കാട്ടിൽ, ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമികരായിരുന്നു. ആഴ്ച്ച ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ തിരുനാൾ സന്ദേശം നൽകി. റാസാ കുർബ്ബാനയ്ക്ക് ശേഷം ദൈവാലയം ചുറ്റിയുള്ള പ്രദിസ്‌ഖനവും സ്‌നേഹവിരുന്നും നടത്തപ്പെട്ടു.
ക്നാനായ റീജിയൻ ഡയറക്ടർ റവ. മോൺ. തോമസ് മുളവനാൽ, റവ. റെനി കട്ടേൽ (സെന്റ്. തെരേസാസ് ക്നാനായ ചുര്ച്ച് വികാര, റാന്നി), റവ. ഫാ. ജിതിൻ വല്ലാർകാട്ടിൽ, റവ. ഫാ. ജെറി മാത്യു (സെന്റ് മേരീസ് മലങ്കര ഇടവക, ചിക്കാഗോ), റവ. ഫാ. ലിജോ കൊച്ചുപറമ്പിൽ ( ക്രൈസ്ട് ദ കിങ്ങ് ക്നാനായ ഇടവക, ന്യൂ ജേഴ്‌സി), റവ. ഫാ. ബീബി തറയിൽ ( സെന്റ് മേരീസ് ക്നാനായ ഇടവക റോക്ക്‌ലാൻഡ് , ന്യൂയോർക്ക്), റവ. മോൺ . തോമസ് കടുകപ്പള്ളിൽ ( കത്തീഡ്രൽ ഇടവക ചിക്കാഗോ), റവ. ഫാ. ബിൻസ് ചേത്തലിൽ ( സേക്രഡ് ഹാർട്ട് ക്നാനായ ഇടവക, ചിക്കാഗോ), റവ. ഫാ. ബോബൻ വട്ടംപുറത്ത് ( സെന്റ് ആന്റണീസ് ക്നാനായ ഇടവക, സാൻ അന്റാണിയോ), റവ. ഫാ. ജോഷി വലിയവീട്ടിൽ ( സെന്റ് മേരീസ് ക്നാനായ ഇടവക, ഹൂസ്റ്റൺ) എന്നിവർ വിവിധ ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ജോജോ ഇടക്കരയുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മറ്റിയാണ് സിസ്റ്റർ. സിൽവേരിയസ്, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ , അക്കൗണ്ടന്റ് ജെയിംസ് മന്നാകുളത്തിൽ, സെക്രട്ടറി സണ്ണി മേലേടം പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവരോടൊപ്പം തിരുനാളിന് നേതൃത്വം നൽകിയത്. കലാസന്ധ്യകൾക്ക് സിബി കൈതക്കത്തൊട്ടിയിൽ, പ്രതിഭാ തച്ചേട്ട്, മന്നു തിരുനെല്ലിപ്പറമ്പിൽ, ആൻസി കുപ്ലിക്കാട്ട് എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ