അശ്വിന് കൈത്താങ്ങായി സുമനസ്സുകൾ ;ധാരണപത്രം കൈമാറി.
എടത്വ: പാർപ്പിടവും കൂട്ടുകാരും നാട്ടുകാരും നഷ്ടപ്പെട്ട അശ്വിന് കൈത്താങ്ങായി സുമനസ്സുകൾ എത്തിയപ്പോൾ അത് വലിയ പ്രതീക്ഷയുടെ തിരിനാളമായി മാറി.ദുരന്തങ്ങൾ ഓരോന്നും വേട്ടയാടിയപ്പോൾ അത്മഹത്യയ്ക്ക് പോലും വഴി തേടിയ അശ്വിന്റെ നേഴ്സിങ്ങ് പഠനമെന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാകും.നൊമ്പരങ്ങളുടെ ഓർമ്മകൾ അശ്വിന്റെ മാതാപിതാക്കൾ പങ്കുവെച്ചപ്പോൾ ഏവരുടെയും കണ്ണ് ഈറനണിഞ്ഞു.
2022ൽ പ്ലസ് ടു പരീക്ഷ വിജയിച്ച മേപ്പാടി സ്വദേശിയായ അശ്വിൻ അതേ വർഷം തന്നെ നേഴ്സിങ്ങ് പഠനത്തിന് വേണ്ടി ബാഗ്ളൂരിൽ ഉള്ള ഒരു നഴ്സിങ്ങ് കോളജിൽ അഡ്മിഷൻ എടുത്തിരുന്നു.എന്നാല്‍ കോളജിൽ പോകുന്നതിന്റെ ഒരുക്കങ്ങൾക്കായി ബന്ധുവിനോടോപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോൾ അപകടത്തിൽപെട്ട് മൂന്ന് മാസത്തോളം കിടക്കയിലായിരുന്നു.ചികിത്സയിൽ ആയതിനാൽ കോളജിൽ പോകാൻ സാധിച്ചില്ല.തോട്ടം തൊഴിലാളികളായ മണികണ്ഠന്റെയും സജനയുടെയും രണ്ടാമത്തെ മകനാണ് അശ്വിൻ.ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും മകന്റെ പഠനത്തിന് വേണ്ടി ശേഖരിച്ച് വെച്ചിരുന്ന തുകയായ 20000 രൂപ കോളജിൽ അഡ്മിഷൻ എടുക്കാൻ അടച്ചെങ്കിലും അത് നഷ്ടമായി.അപകട വിവരം പറഞ്ഞിട്ടും അത് മടക്കി കൊടുക്കാൻ കോളജ് അധികൃതര്‍ തയ്യാറായതുമില്ല.
ഈ വർഷം മറ്റൊരു കോളജിൽ അഡ്മിഷൻ എടുക്കാൻ തീരുമാനിച്ച പ്രകാരമാണ് സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലേക്ക് അപേക്ഷ നല്കിയത്. അങ്ങനെയിരിക്കുമ്പോൾ ആണ് വയനാട് പ്രകൃതി ദുരന്തത്തിൽ വീടും പണവും എല്ലാം നഷ്ടപെടുന്നത്.നേഴ്സിങ്ങ് പഠനം അസാധ്യമെന്ന് കരുതി നിരാശയിൽ കഴിഞ്ഞിരുന്ന അശ്വിന്റെ അവസ്ഥയറിഞ്ഞാണ് സുമനസ്സുകൾ കൈത്താങ്ങായി എത്തിയത്.സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഫീസ് പൂർണ്ണമായും ഇളവ് ചെയ്തു. താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി ഉള്ള തുക എടത്വ ടൗൺ ലയൺസ് ക്ലബും എച്ച്ആർസി യും ചേർന്ന് നല്കും.തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ ഇത് സംബന്ധിച്ച് കോളജ് അധികൃതരുമായി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ഭാരവാഹികൾ ധാരണപത്രങ്ങൾ കൈമാറി.സെപ്റ്റംബർ 5ന് കോളജിൽ പഠനത്തിനായി അശ്വിൻ ദുരന്ത ഭൂമിയിൽ നിന്നും യാത്ര തിരിക്കും.
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.നാഷണൽ ഹ്യൂമൻ റൈറ്റ്സ് കോർപ്സ് വുമൺസ് വിംഗ് പ്രസിഡണ്ട് പ്രമീള ഭാസ്കർ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, സവിത ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ പി.ആർ. ഒ: ബനോജ് മാത്യൂ,
നാഷണൽ ഹ്യൂമൻ റൈറ്റ്സ് മൈനോറിറ്റി സെൽ പ്രസിഡണ്ട് സുനു ഇഞ്ചക്കലേത്ത് ,ഹ്യൂമൻ റൈറ്റ്സ് കോർപ്സ് പത്തനംതിട്ട ജില്ലാ ഡയറക്ടർ ലിതൻ മാത്യു, പമ്പാ ബോട്ട് റേസ് ക്ലബ് സെക്രട്ടറി പുന്നൂസ് ജോസഫ്, കൺവീനർ സജി കൂടാരത്തിൽ, ഇമ്മാനുവല്‍ ബോട്ട് ക്ലബ് പ്രസിഡന്റ് സുനിൽ ചെറുപേരിൽ , വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ,ട്രഷറാർ ബ്ലസൻ ഏബ്രഹാം,ഡാനിയേൽ തോമസ് എന്നിവർ പ്രസംഗിച്ചു.സേവ് വയനാട് പ്രോജക്ടിന് രെഞ്ചു ഏബ്രഹാം കല്ലുപുരയ്ക്ക്ൽ ആദ്യ സംഭാവന നല്കി.
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ സേവ് വയനാട് പ്രോജക്ടിനെ ഡിസ്ട്രിക്ട് ഗവർണർ ആർ. വെങ്കിടാചലം, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്,ട്രഷറാർ സുരേഷ് ജയിംസ് വഞ്ചിപ്പാലം, സോൺ ചെയർമാൻ സുരേഷ് ബാബു എന്നിവർ അഭിനന്ദിച്ചു. ഡിസ്ട്രിക്ട് 318ബി ആരംഭിച്ച ഡിസാസ്റ്റർ റിലീഫ് ഫണ്ടിലേക്ക് ആദ്യം സംഭാവന അയച്ചത് എടത്വ ടൗൺ ലയൺസ് ക്ലബ്ബ് ആണ്.