വാഷിംഗ്ടണ്‍: നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്ക (നൈന)യുടെ പുതിയ ചാപ്റ്ററായ ഒര്‍ലാണ്ടോ റീജിയണല്‍ ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് അമേരിക്ക (ഒറീനാ)യുടെ ഔപചാരിക ഉത്ഘാടനകര്‍മ്മം പ്രൗഢഗംഭീരമായി നടന്നു. ഈ മാസം 24-നാണ് വിന്റര്‍ പാര്‍ക്ക് കമ്മ്യൂണിറ്റി സെന്ററില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
ആരോഗ്യരംഗത്തെ പ്രമുഖരായ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഷെപ്പേര്‍ഡ്‌സ് ഹോപ്പിന്റെ പ്രസിഡന്റായ ഡോണാ വാല്‍ഷ് മുഖ്യതിഥിയായി. പ്രാര്‍ത്ഥനാഗാനത്തോടെ ഏബെല്‍ സോണി ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.
ഒറീനാ പ്രസിഡന്റായ സ്മിതമോള്‍ ഗ്രീഗോറിയോസ് തോമസ് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളും എക്സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഇലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്സണായ മേരി രാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികള്‍ ഒറീനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
ECPI യൂണിവേഴ്സിറ്റിയുടെ നഴ്സിങ് ഡയറക്റ്ററായ ഡോ. ലൈല ട്രെയ്നര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കൂടാതെ ചേംബര്‍ലൈന്‍ യൂണിവേഴ്സിറ്റിയുടെ അസിസ്റ്റന്റ് ഡീന്‍ ഡോ. അന്‍സു സെബാസ്റ്റ്യന്‍, സൗത്ത് സെമിനോള്‍ ഹോസ്പിറ്റലിലെ സ്പിരിച്ച്വല്‍ ഡിപ്പാര്‍ട്മെന്റ് മാനേജര്‍ റെവ. ഫാ. ഡോ. ജേക്കബ് മാത്യു തുടങ്ങിയ പ്രമുഖരും ആശംസകള്‍ അര്‍പ്പിച്ചു.
ചടങ്ങുകള്‍ക്ക് ശേഷം എക്‌സിക്യൂട്ടീവ് അംഗങ്ങളും കമ്മിറ്റി ചെയര്‍പേഴ്‌സണുമടക്കമുള്ള സ്ഥാപക നേതാക്കള്‍ കേക്ക് മുറിച്ചുകൊണ്ട് ആഘോഷം സമാപിപ്പിച്ചു. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ സമൂഹഗാനം, സാക്‌സഫോണ്‍ ഡ്യൂയറ്റ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവയും, വിവിധ സംഗീത പരിപാടികളും പ്രേക്ഷകരെ ആകര്‍ഷിച്ചു. ഒറീനയെക്കുറിച്ചു മേരി രാജന്‍ രചിച്ച ആംഗലേയ കവിത പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.