ജൂനിയര്‍ ഡോക്ടറുടെ കൊലപാതകം: ഇരയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മമത ബാനര്‍ജി
കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറായ യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തോട് മാപ്പ് പറഞ്ഞ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ ഛത്ര പരിഷത്തിന്റെ സ്ഥാപക ദിനം ഇരയായ പെണ്‍കുട്ടിക്ക് സമര്‍പ്പിക്കുന്നതായി മമത സോഷ്യല്‍ മീഡിയയില്‍ ബംഗാളിയില്‍ എഴുതി.
“മനുഷ്യത്വരഹിതമായ സംഭവങ്ങള്‍ക്കിരയാകുന്ന എല്ലാ പ്രായത്തിലുള്ള സ്ത്രീകളുടെ കൂടെയുണ്ടാകും,” എന്നും “ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സഹോദരിയുടെ കുടുംബത്തിന് ഞങ്ങളുടെ അനുശോചനം,” എന്നും മമത കുറിച്ചു. ഇരയ്ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് അവര്‍ ഉറപ്പുനല്‍കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമായതിനിടയില്‍, മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് സമരം കത്തിക്കയറുകയാണ്.
അതേസമയം, പശ്ചിമ ബംഗാളില്‍ ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുകയാണ്. ബംഗാള്‍ സര്‍ക്കാര്‍ ബന്ദ് തള്ളിയിട്ടും, സംസ്ഥാനത്ത് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.