LifeStyleLiteratureNews

ധ്യാനചിത്ര: എ രാമചന്ദ്രൻറെ ജ്ഞാനസമ്പത്ത് തലമുറകൾക്ക് കൈമാറാൻ ലളിതകലാ അക്കാദമി

എ. രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ്‌ ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സെപ്റ്റംബർ 1ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

രാമചന്ദ്രന്റെ പുസ്തകശേഖരം അക്കാദമിക്ക് കൈമാറി കുടുംബം

കൊച്ചി (29-08-24): അന്തരിച്ച വിഖ്യാത ചിത്രകാരൻ എ രാമചന്ദ്രൻറെ ജ്ഞാനസമ്പത്ത് തലമുറകളിലേക്ക് കൈമാറാനൊരുങ്ങി കേരള ലളിതകലാ അക്കാദമി. രാമചന്ദ്രന്റെ വിപുലമായ ഗ്രന്ഥശേഖരമടങ്ങുന്ന ‘ധ്യാനചിത്ര: എ. രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ്‌’ ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സെപ്റ്റംബർ 1 ഞായറാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

രാമചന്ദ്രന്റെ ശേഖരത്തിലുണ്ടായിരുന്ന നാലായിരത്തോളം പുസ്തകങ്ങളും അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളടക്കമുള്ള അമൂല്യ വസ്തുക്കളുമുൾപ്പെടുത്തിയാണ് വിഷ്വൽ കൾച്ചറൽ ലാബ് തയാറാക്കിയിരിക്കുന്നത്. രാമചന്ദ്രന്റെ കുടുംബമാണ് ഇവ അക്കാദമിക്ക് സംഭാവന ചെയ്തത്.

രാമചന്ദ്രന്റെ കലയെയും കാഴ്ചപ്പാടുകളെയും കുറിച്ചുള്ള പഠനകേന്ദ്രമായാണ് ധ്യാനചിത്ര വിഭാവനം ചെയ്തിരിക്കുന്നതെന്ന് അക്കാദമി അദ്ധ്യക്ഷൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ എന്നിവർ അറിയിച്ചു.

ക്ലാസിക്കൽ ഇന്ത്യൻ കല, ഐക്കണോഗ്രഫി, ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ കലാപാരമ്പര്യങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള രാമചന്ദ്രൻ്റെ അഗാധമായ താൽപ്പര്യം വെളിപ്പെടുത്തുന്നതാണ് ഈ കലാപുസ്തക ശേഖരം. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കലാകാരരെക്കുറിച്ചുള്ള പഠനങ്ങളുടെയും മോണോഗ്രാഫുകളുടെയും ഒരു ശേഖരവും ഇതിലുൾപ്പെടുന്നു. രാമചന്ദ്രൻ്റെ തന്നെ തൻ്റെ സ്റ്റുഡിയോയിൽ രൂപകല്പന അതേ പുസ്തക ഷെൽഫുകളിൽ തന്നെയാണ് അക്കാദമിയിൽ പുസ്തകശേഖരമൊരുക്കിയിരിക്കുന്നത്.

ഞായറാഴ്ച ഉച്ചക്ക് 12നു നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ് മന്ത്രി പി രാജീവ് മുഖ്യാതിഥിയായിരിക്കും. ചീഫ് സെക്രട്ടറി വി വേണു ഐഎഎസ്, മയൂർ എം അനിൽകുമാർ, ടി ജെ വിനോദ് എം എൽ എ, സാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എം ഖോബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ മായാ ഐ എഫ് എ സ്എന്നിവർ ആശംസകളർപ്പിക്കും. രാമചന്ദ്രന്റെ മക്കളായ രാഹുലും സുജാതയും പരിപാടിയിൽ പങ്കെടുക്കും.

മുരളി ചീരോത്ത് സ്വാഗതമാശംസിക്കും. നന്ദി പ്രകാശനം എൻ. ബാലമുരളീകൃഷ്ണൻ.

Show More

Related Articles

Back to top button