എ രാമചന്ദ്രന്‍ വിഷ്വല്‍ കള്‍ച്ചറല്‍ ലാബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച വിഖ്യാത ചിത്രകാരന്‍ എ. രാമചന്ദ്രന്റെ ജ്ഞാനസമ്പത്ത് തലമുറകളിലേക്ക് കൈമാറാനൊരുങ്ങി കേരള ലളിതകലാ അക്കാദമി. രാമചന്ദ്രന്റെ വിപുലമായ ഗ്രന്ഥശേഖരമടങ്ങുന്ന ‘ധ്യാനചിത്ര: എ. രാമചന്ദ്രന്‍ വിഷ്വല്‍ കള്‍ച്ചറല്‍ ലാബ്’ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ സെപ്റ്റംബര്‍ 1 ഞായറാഴ്ച 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്തും സെക്രട്ടറി എന്‍. ബാലമുരളികൃഷ്ണനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍
വ്യവസായ വകുപ് മന്ത്രി പി രാജീവ് മുഖ്യാതിഥിയായിരിക്കും. ചീഫ് സെക്രട്ടറി വി. വേണു ഐഎഎസ്, മേയര്‍ എം. അനില്‍കുമാര്‍, ടി.ജെ. വിനോദ് എം എല്‍ എ, സാംസ്‌കാരിക വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എം ഖോബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ മായാ ഐ.എഫ്.എസ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. രാമചന്ദ്രന്റെ മക്കളായ രാഹുലും സുജാതയും പരിപാടിയില്‍ പങ്കെടുക്കും. മുരളി ചീരോത്ത് സ്വാഗതവും. എന്‍. ബാലമുരളീകൃഷ്ണന്‍ കൃതജ്ഞതയും പ്രകാശിപ്പിക്കും.
എ. രാമചന്ദ്രന്റെ കലയും അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചയും സര്‍ഗ്ഗാത്മകതയും സൃഷ്ടി സമ്പ്രദായങ്ങളും സര്‍ഗ്ഗാത്മകതയെ കുറിച്ചുള്ള പരന്ന കാഴ്ചപ്പാടുമെല്ലാം ഉള്‍പ്പെടുന്ന ഒരു പഠന കേന്ദ്രമാണ്അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തിലെ കെയര്‍ ലൈബ്രറിയോടനുബന്ധിച്ച് ആരംഭിക്കുന്ന ധ്യാന ചിത്ര – എ. രാമചന്ദ്രന്‍ വിഷ്വല്‍ കള്‍ച്ചറല്‍ ലാബ്. ഇന്ത്യന്‍ ആര്‍ട്ടിന്റെ അപൂര്‍വ്വവും അമൂല്യവുമായ രാമചന്ദ്രന്റെ ശേഖരത്തില്‍ ഉള്‍പ്പെടുന്ന പുസ്തകങ്ങള്‍ ഈ റിസര്‍ച്ച് ലാബിന്റെ പ്രത്യേകതയാണ്. കലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുതല്‍ക്കൂട്ടാവുന്ന ശേഖരം ഏറെ ഉള്‍ക്കാഴ്ചയോടെയാണ് രാമചന്ദ്രന്റെ കുടുംബം അക്കാദമിക്കും കേരളത്തിനും സമ്മാനിച്ചിട്ടുള്ളത്.
രാമചന്ദ്രന്റെ കലയെക്കുറിച്ചും കലാസമ്പ്രദായത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങള്‍ക്ക് അനുസൃതമാംവിധം കൃത്യമായും വിപുലമായും ഡിസൈന്‍ ചെയ്തതാണ് ഈ വിഷ്വല്‍ കള്‍ച്ചറല്‍ ലാബ്. അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന മാധ്യമങ്ങളുടെയും രൂപങ്ങളുടെയും ദാര്‍ശനികതയുടെയും കലാരീതികളുടെയും അടിത്തറയാണ് ഇതെന്ന് വ്യക്തമായി പറയാന്‍ കഴിയും.
രാമചന്ദ്രന്റെ ശേഖരത്തിലുണ്ടായിരുന്ന വൈവിധ്യങ്ങളായ പുസ്തകങ്ങളും അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളടക്കമുള്ള അമൂല്യ വസ്തുക്കളുമുള്‍പ്പെടുത്തിയാണ് വിഷ്വല്‍ കള്‍ച്ചറല്‍ ലാബ് തയാറാക്കിയിരിക്കുന്നത്. ക്ലാസിക്കല്‍ ഇന്ത്യന്‍ കല, ഐക്കണോഗ്രഫി, ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ കലാപാരമ്പര്യങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളിലുള്ള രാമചന്ദ്രന്റെ അഗാധമായ താല്‍പ്പര്യം വെളിപ്പെടുത്തുന്നതാണ് ഈ കലാപുസ്തക ശേഖരം. ലോകത്തിന്റെ നാനാഭാഗത്തു
നിന്നുമുള്ള കലാകാരരെക്കുറിച്ചുള്ള പഠനങ്ങളുടെയും മോണോഗ്രാഫുകളുടെയും ഒരു ശേഖരവും ഇതിലുള്‍പ്പെടുന്നു. രാമചന്ദ്രന്‍ തന്റെ സ്റ്റുഡിയോയില്‍ രൂപകല്പന ചെയ്ത അതേ പുസ്തക ഷെല്‍ഫുകളില്‍ തന്നെയാണ് അക്കാദമിയില്‍ പുസ്തകശേഖര
മൊരുക്കിയിരിക്കുന്നത്.
മുരളി ചീരോത്ത് എന്‍. ബാലമുരളികൃഷ്ണന്‍
ചെയര്‍പേഴ്‌സണ്‍ സെക്രട്ടറി