ചിക്കാഗോയിൽ അന്താരാഷ്ട്ര വടംവലി മത്സരവും സോഷ്യൽ മേളയും ഫുഡ് ഫെസ്റ്റിവലും ആകർഷണീയം.

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ളബിന്റെ ആഭിമുഖ്യത്തിൽ ബെൽവുഡ് മാർ തോമാശ്ലീഹ കത്തീഡ്രൽ പള്ളി പാരിഷ് ഹാളിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര വടംവലി മത്സര പരിപാടികൾക്ക് തുടക്കമായി. 5 മണിയോടെ ആരംഭിച്ച ചടങ്ങിൽ, സോഷ്യൽ മേള – 2024 ഏർപ്പെടുത്തിയ വസന്തോത്സവം ഭാഗമാക്കിയാണ് പരിപാടികൾ തുടങ്ങിയത്.
സോഷ്യൽ മേളയുടെ ഭാഗമായി നടക്കുന്ന ഫുഡ് ഫെസ്റ്റിവൽ ഏവർക്കും രുചിയുടെ ഒരവസരമായി മാറി. ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലും നിന്നുള്ള നിരവധി ആളുകൾ വിശിഷ്ടഭക്ഷണങ്ങൾ രുചിക്കാൻ എത്തിയിട്ടുണ്ട്. വൈവിധ്യമാർന്ന സ്റ്റാളുകളിൽ വ്യത്യസ്ത രുചിയിലുള്ള ഒട്ടേറെ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഗോൾഡ് റഷ് ഗെയിമിങ് സ്പോൺസർ ചെയ്യുന്ന രമേഷ് പിഷാരടിയും മഞ്ജരിയും നയിക്കുന്ന സ്റ്റേജ് ഷോ വൈകീട്ടോടെ അരങ്ങേറും. പ്രവേശനം സൗജന്യം.
നാളെ രാവിലെ 10 മണി മുതൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ പള്ളി അങ്കണത്തിൽ വടംവലി മത്സരം ആരംഭിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 18 ടീമുകൾ പങ്കെടുക്കുന്ന ഈ മത്സരത്തിന് ടൂർണമെന്റ് കമ്മറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ, ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ മാനി കരികുളം, പിആർഒ മാത്യു തട്ടാമറ്റം എന്നിവരുടേതാണ് നേതൃത്യം.
ഈ വർഷം ആദ്യമായി വനിതാ വടംവലി മത്സരവും നടക്കും. കായിക പ്രേമികൾക്ക് ഒരു സുന്ദര അവസരം എന്നാണു സംഘാടകർ അറിയിച്ചിരിക്കുന്നത്.







