മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം: ഡ്രോൺ ബോംബേറിൽ 2 പേർ കൊല്ലപ്പെട്ടു, 9 പേർക്ക് പരുക്ക്

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമായി. ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബേറിൽ 2 പേർ കൊല്ലപ്പെടുകയും 9 പേർക്കു പരുക്കേൽക്കുകയും ചെയ്തു. കുക്കി വിമതരെന്ന് സംശയിക്കുന്ന ആളുകളാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസ് അറിയിച്ചത്. സ്നിപ്പർമാരും ഡ്രോൺ ബോംബുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ ഒരു സ്ത്രീയും മരിച്ചതായി സ്ഥിരീകരിച്ചു. ഇവരുടെ 12 വയസ്സുള്ള മകൾക്കും പരുക്കുണ്ട്. മറ്റൊരാൾ കൂടി കൊല്ലപ്പെട്ടതായും, മരണസംഖ്യ 2 ആയി ഉയർന്നതായും പോലീസും ആഭ്യന്തര വകുപ്പും പ്രസ്താവനയിൽ പറഞ്ഞു. മരിച്ചവരിൽ ഒരാൾ പോലീസ് കമാൻഡോ ആണെന്നാണ് സൂചന. 2 പോലീസുകാർ ഉൾപ്പെടെ 8 പേർക്കു പരുക്കേറ്റു. ജനവാസ മേഖലയിൽ ഡ്രോണുകൾ ഉപയോഗിച്ച് ബോംബ് വർഷിച്ചതിൽ സംഭവം ഗുരുതരമായി മാറുമെന്ന് ദൃക്സാക്ഷികൾ ആശങ്ക പ്രകടിപ്പിച്ചു.
മണിപ്പൂർ കലാപത്തിൽ ഡ്രോൺ ബോംബേറുകൾ സുരക്ഷാ സേനയ്ക്കും, സാധാരണക്കാർക്കും വലിയ ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ. ഡ്രോൺ ബോംബിൽ നിന്നുള്ള ചീളുകൾ ഒരു പോലീസുകാരന്റെ കാലിൽ തട്ടിയതായി, സായുധ ഡ്രോണുകളെ കണ്ടതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഉച്ചയ്ക്ക് 2.35-ന് കാങ്‌പോക്‌പിയിലെ നാഖുജാങ് ഗ്രാമത്തിൽനിന്ന് ഇംഫാൽ വെസ്റ്റിലെ കഡാങ്‌ബാൻഡിലേക്ക് ആക്രമണം ആരംഭിച്ചു. പ്രദേശത്തെ ഓരോ വീടിനും മുകളിലൂടെ ഒരു ഡ്രോൺ വീതം ബോംബ് വർഷിച്ചെന്ന് കഡാങ്‌ബാൻഡ് പ്രദേശവാസികൾ പറഞ്ഞു. ആക്രമണത്തിന്റെയും, ആളുകൾ ഭയന്നോടുന്നതിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.