തിരഞ്ഞെടുപ്പ് അട്ടിമറിശ്രമത്തിൽ കുറ്റപത്രത്തിലെ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച് ട്രംപ്.
വാഷിങ്ടൻ : 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ ജയിച്ചതായുള്ള ഫലം പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റളിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ പരിഷ്കരിച്ച കുറ്റപത്രത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ഡോണൾഡ് ട്രംപ്. കേസിൽ കുറ്റക്കാരനല്ലെന്ന് വാദിക്കുമെന്ന് കോടതിയിൽ സമർപ്പിച്ച രേഖയിൽ ട്രംപ് വ്യക്തമാക്കി.
പാർലമെന്റ് ആക്രമണക്കേസിൽ ട്രംപിനെതിരായ ആരോപണം മയപ്പെടുത്തി ഓഗസ്റ്റിലാണ് പുതിയ കുറ്റപത്രം സമർപ്പിച്ചത്. കേസ് നോക്കുന്ന സ്പെഷൽ കൗൺസൽ ജാക്ക് സ്മിത്ത് വാഷിങ്ടനിലെ ഫെഡറൽ കോടതിയിലാണു പുതിയ കുറ്റപത്രം നൽകിയത്. ബൈഡന്റെ വിജയം അംഗീകരിക്കാൻ പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റളിൽ 2021 ജനുവരി 6ന് ഇരുസഭകളും കൂടിയപ്പോൾ ട്രംപ് അനുകൂലികൾ ഇരച്ചുകയറി ആക്രമണം നടത്തിയതുൾപ്പെടെ വിവാദ സംഭവങ്ങളിലാണ് പരിഷ്കരിച്ച കുറ്റപത്രം.
മുൻപ്രസിഡന്റെന്ന നിലയിൽ തിരഞ്ഞെടുപ്പു നടത്തിപ്പിൽ പിഴവുകൾ സംശയിച്ചു ജസ്റ്റിസ് ഡിപ്പാർട്മെന്റ് ഉന്നത ഉദ്യോഗസ്ഥൻ സംസ്ഥാനങ്ങൾക്കു കത്തയയ്ക്കാൻ നീക്കം നടത്തിയതുവഴി ആ വകുപ്പിന്റെ നിയമനടത്തിപ്പ് അധികാരം ദുരുപയോഗം ചെയ്യാൻ ട്രംപ് ശ്രമിച്ചെന്ന പഴയ കുറ്റപത്രത്തിലെ ആരോപണഭാഗമാണ് പ്രധാനമായും നീക്കിയത്. സുപ്രീം കോടതി കഴിഞ്ഞ മാസം അംഗീകരിച്ച പ്രസിഡന്റ് പരിരക്ഷയുടെ പരിധിയിൽ പെടുന്നതു കൊണ്ടാണിത്.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ 2021 ജനുവരി ആറിനു യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെ, അക്രമാസക്തരായ നൂറുകണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്ന് അവിടം കലാപഭൂമിയാക്കി മാറ്റുകയായിരുന്നു. ഈ സംഭവത്തിൽ 700 പേരാണ് അറസ്റ്റിലായത്.