ഫോമ വനിതാ ഫോറത്തിന് പുതിയ നേതൃത്വ സംഘം; സ്മിത നോബിള്‍ ചെയർപേഴ്സൺ
ഹൂസ്റ്റൺ: ഫോമ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക) വനിതാ ഫോറത്തിന് പുതിയ നേതൃത്വം രൂപീകരിച്ചു. ഒർലാന്റോയിലെ ഒരുമ സാംസ്ക്കാരിക സംഘടനയുടെ പ്രതിനിധിയായ സ്മിത നോബിളിനെ ചെയർപേഴ്സണായി തിരഞ്ഞെടുക്കുകയുണ്ടായി. സ്മിത ക്ലാസിക്കൽ സംഗീതം, നൃത്തം, കഥാപ്രസംഗം തുടങ്ങിയ കലാരംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരും, ഒരുമയുടെ സാംസ്ക്കാരിക സംഘാടകയും പ്രസിഡന്റുമാണ്. സ്മിതയുടെ ഭർത്താവ് നോബിൾ കാർഡിയോളജി വിഭാഗത്തിൽ നഴ്സ് പ്രാക്ടീഷണറായി സേവനമനുഷ്ടിക്കുന്നു. അവരുടെ ഏക മകൻ നയൻ.
ഫോറത്തിന്‍റെ സെക്രട്ടറിയായി മിനിസോട്ട മലയാളി അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ഐ ടി മാനേജർ ആഷാ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. ഭർത്താവ് ഷിബു മാത്യുവിനൊപ്പം രണ്ട് മക്കളുണ്ട്. ജൂലി ബിനോയി ഫോറത്തിന്റെ ട്രഷററായി പ്രവർത്തിക്കും. കോവിഡ് കാലത്ത് നിരവധി സാമൂഹിക സേവനങ്ങളിൽ പങ്കാളിയായ ജൂലി കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലന്റിന്‍റെ സജീവ പ്രവർത്തകയാണ്.
ഫോറത്തിന്‍റെ ഉപാധ്യക്ഷരായി ഗേസ് ജെയിംസും വിഷിൻ ജോയിയും സേവനം അനുഷ്ഠിക്കും. വിഷിൻ ജോയ് യൂണിസെഫിന്റെ കീഴിൽ സേവ് മദർഹുഡ് പ്രോജക്ട് കോർഡിനേറ്ററായി പ്രവർത്തിച്ച അനുഭവ സമ്പത്തുള്ള സാമൂഹ്യ പ്രവർത്തകയാണ്. ജോയിന്റ് സെക്രട്ടറിയായി സ്വപ്ന സജി സെബാസ്റ്റ്യൻ, ജോയിന്റ് ട്രഷററായി ഡോ. മഞ്ജു പിള്ള എന്നിവരും പുതിയ സംഘത്തിലുണ്ട്.
ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി പുതിയ ഭാരവാഹികൾക്ക് വിജയാശംസകൾ നേർന്നു.