AssociationsGlobalLatest NewsNewsOther Countries

മുന്നറിയിപ്പില്ലാതെയുള്ള വിമാനം റദ്ദാക്കൽ: അടിയന്തിര ഇടപെടൽ അഭ്യർത്ഥിച്ചുള്ള നിവേദനം എം പിക്കും എയർ ഇന്ത്യ എം ഡിക്കും സമർപ്പിച്ച് ഒ ഐ സി സി (യു കെ).

ലണ്ടൻ: ആഗോള പ്രവാസി സമൂഹത്തെ ബാധിക്കുന്ന സാമൂഹിക ഉത്തരവാദിത്വ വിഷയങ്ങൾ ഏറ്റെടുക്കുകയും പ്രശ്നപരിഹാര ശ്രമങ്ങളിൽ നേരിട്ട് ഇടപെടുകയും ചെയ്തുകൊണ്ട് മറ്റു പ്രവാസ സംഘടനകൾക്ക് മാതൃകയായിരിക്കുകയാണ് ഒ ഐ സി സി (യു കെ).

എയർ ഇന്ത്യ ഉൾപ്പടെയുള്ള വിമാന സർവീസുകളുടെ നിരന്തരമുള്ള റദ്ദാക്കലുകളും തന്മൂലം വലിയൊരു ശതമാനം യാത്രികർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും ജനപ്രതിനിധികളുടെയും വിമാന കമ്പനി അധികാരികളുടെയും ശ്രദ്ധയിൽ പെടുത്തി ഇരുകൂട്ടരും അടിയന്തിരമായി പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി. ഇതു സംബന്ധിച്ച നിവേദനം ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് എയർ ഇന്ത്യ സി ഇ ഒ & എം ഡി വിൽസൻ ക്യാമ്പെൽ, കോട്ടയം ലോക്സഭ അംഗം ബഹു. ഫ്രാൻസിസ് ജോർജ് എംപി  എന്നിവർക്ക് സമർപ്പിച്ചു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ് യാതൊരു മുന്നറിപ്പും കൂടാതെ റദ്ദ് ചെയ്യുകയും ഏകദേശം 250 – ഓളം യാത്രക്കാർ ദുരിതത്തിലായ സംഭവത്തിന്റെ ചുവടുപിടിച്ചു, എയർ ഇന്ത്യ ഉൾപ്പടെയുള്ള വിമാന സർവീസുകളുടെ നിരുത്തരവാദിത്വപരമായ സേവനസങ്ങളെയും അതുമൂലം യാത്രക്കാർക്കും പ്രായമായവർ, കുഞ്ഞുങ്ങൾ, സ്ത്രീകൾ എന്നിവർ അടങ്ങുന്ന അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടും അടിയന്തിരമായ പ്രശ്ന പരിഹാരം അഭ്യർത്ഥിച്ചുകൊണ്ടും തയ്യാറാക്കിയിരിക്കുന്ന നിവേദനത്തിൽ ഇത്തരത്തിൽ മുന്നറിയിപ്പില്ലാതെ തുടർച്ചയായി ഉണ്ടാകുന്ന വിമാന റദ്ദാക്കലുകൾ കൊണ്ട് ഭവിക്കുന്ന പ്രധാന ദൂഷ്യവശങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുകയും ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തിട്ടുണ്ട്.

കോട്ടയം ലോക്സഭ അംഗം ബഹു. ഫ്രാൻസിസ് ജോർജുമായി ബുധനാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഇ – മെയിൽ മുഖേന നിവേദനം നൽകിയത്. പ്രശ്നപരിഹാരത്തിനായി അടിയന്തിരമായി ഇടപെടാമെന്ന ഉറപ്പ് എം പിയിൽ നിന്നും ലഭിച്ചതായി ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. പ്രവാസി സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിലുള്ള ക്രിയാത്മകമായ ഇടപെടലുകൾ ഒ ഐ സി സി (യു കെ) തുടരുമെന്നും പ്രശ്ന പരിഹാരത്തിനായി ഏതറ്റം വരെയും പോകുന്നത്തിന് ഒ ഐ സി സി (യു കെ) പ്രതിജ്ഞാബദ്ധരാണെന്നും ഷൈനു കൂട്ടിച്ചേർത്തു. 

വിമാന സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ടിക്കറ്റ് റഫണ്ട് പ്രശ്നങ്ങൾ, പ്രീമിയം ടിക്കറ്റ് യാത്രക്കാർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ, സ്കൂൾ തുറക്കുന്ന സമയത്തെ യാത്രക്കാരുടെ ദുരിതങ്ങൾ, മെഡിക്കേഷനിലുള്ളവരും ആരോഗ്യ പ്രശ്നങ്ങളുള്ളവരുമായ യാത്രക്കാർ, പ്രായമായവർ / കുഞ്ഞുങ്ങൾ തുടങ്ങി പരസഹായം ആവശ്യമായ യാത്രക്കാർ തുടങ്ങിയവർക്കുണ്ടാകുന്ന സ്വാഭാവിക ബുദ്ധിമുട്ടുകളും അവയ്ക്കുള്ള പരിഹാര നിർദേശങ്ങളും നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തകാലത്തായി വിമാന റദ്ധാക്കലുകൾ പതിവായതും അതു മറികടക്കാൻ കൃത്യമായ മറ്റു സംവിദാനങ്ങൾ ഒരുക്കാത്തതും വിമാന കമ്പിനികളുടെ മെല്ലെ പോക്ക് നയവും യാത്രിക്കാരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഇതു സംബന്ധിച്ച നിരവധി പരാതികൾ ലോകത്തിന്റെ പല കോണുകളിൽ നിന്നും ഉയർന്ന സാഹചര്യത്തിലും അധികാരികളുടെ ഭാഗത്തു നിന്നും തിരുത്തൽ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ഒ ഐ സി സി (യു കെ) യുടെ നേതൃത്വത്തിൽ നടത്തിയത് മാതൃകാപരമായ ശ്രമങ്ങളാണെന്നാണ് പ്രവാസി സമൂഹത്തിന്റെ വിലയിരുത്തൽ.

റോമി കുര്യാക്കോസ്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button