ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണം;കാരുണ്യ കേരളത്തിനായി ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണ്‍ തിരുവനന്തപുരം മുതല്‍ വയനാട് വരെ
തൃശൂര്‍: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍- എസ്.എ.പി.സിയുടെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മുതല്‍ വയനാട് വരെ ജില്ലാ കേന്ദ്രങ്ങളില്‍ വാക്കത്തോണ്‍ സംഘടിപ്പിക്കും.
പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളോട് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലയിലാണ് വയനാട്ടില്‍ അവസാനിക്കുന്ന രീതിയില്‍ ഇരുപതിനായിരം വിദ്യാര്‍ഥികള്‍ പല ദിവസങ്ങളിലായി പങ്കെടുക്കുന്ന കൂട്ടനടത്തം സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 30ന് തിരുവനന്തപുരത്തുനിന്നും ആരംഭിക്കുന്ന കൂട്ടനടത്തം ഒക്ടോബര്‍ 10 നാണ് വയനാട്ടില്‍ അവസാനിക്കുക. ഒപ്പം കല്‍പ്പറ്റയില്‍ ആല്‍ഫയുടെ മാതൃകാ പാലിയേറ്റീവ് കെയര്‍ സേവനകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനും തുടക്കമാകും.
2030ന് മുമ്പ് കേരളം മുഴുവന്‍ കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങളൊരുക്കുകയെന്ന ലക്ഷ്യത്തോടെ, വിഷന്‍ 2030 പദ്ധതിയുമായി മുന്നോട്ടുപോകുന്ന ആല്‍ഫ തെക്കന്‍ ജില്ലകളാണ് ആദ്യ പ്രവര്‍ത്തനകേന്ദ്രമായി തെരഞ്ഞെടുത്തതെങ്കിലും വയനാടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പദ്ധതി വയനാട്ടിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. ഓരോ ജില്ലയിലും തുടക്കത്തില്‍ മൂന്നു കേന്ദ്രങ്ങള്‍ സ്ഥാപിക്കാണ് ഉദ്ദേശിക്കുന്നത്. പിന്നീട് ജില്ല മുഴുവന്‍ സേവനങ്ങള്‍ എത്തിക്കുന്നതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ നിലവില്‍ വരും. കാരുണ്യകേരളം എന്ന പദ്ധതിക്കുകീഴില്‍ നിലവില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ജില്ലകളിലായി അതതു സ്ഥലങ്ങളിലെ ജനങ്ങളുടെ നേതൃത്വത്തില്‍ പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ഈ ഘട്ടത്തിലാണ് ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കൂട്ടനടത്തം – വാക്കത്തോണ്‍ 2024 എന്ന പേരില്‍ നടത്തുന്നത്. വിവിധ ജില്ലകളില്‍ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരും അതിഥികളായെത്തും. 20,000ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ വിവിധ ലിങ്ക് സെന്ററുകള്‍ക്ക് രൂപം നല്‍കുകയും നടത്തുകയും ചെയ്യുന്ന നൂറുകണക്കിന് കമ്യൂണിറ്റി വളണ്ടീയര്‍മാരും പങ്കെടുക്കും.
മാറാരോഗങ്ങളാല്‍ വേദനയനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയപ്പെടാനും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നവരുടെ കൂട്ടായ്മകളെ പരിപോഷിപ്പിക്കാനും പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാനും ഉദ്ദേശിച്ചാണ് ലോകം മുഴുവന്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണം നടത്തുന്നത്. വാക്കത്തോണിന്റെ ജില്ലാ തല ഷെഡ്യുള്‍ താഴെ ചേര്‍ക്കുന്നു.
Walkathon 2024 Schedule:
1. Thiruvananthapuram: 30th September 2024, Venue: Kanakkunnu Palace at 9:00 AM
2. Kollam: 1st October 2024, Venue: Chinnakkada Junction at 9:00 AM
3. Thiruvalla: 3rd October 2024, Venue: Municipal Stadium at 9:00 AM
4. Alappuzha: 4th October 2024, Venue: Alappuzha Beach at 9:00 AM
5. Kottayam: 7th October 2024, Venue: Nehru Stadium at 9:00 AM
6. Ernakulam: 8th October 2024, Venue: Marine Drive at 9:00 AM
7. Thrissur: 9th October 2024, Venue: Thekkegopura Nada, Thekkinkadu Ground at 9:00 AM
8. Wayanad (Kalpetta): 10th October 2024, Venue: Janamaithri Junction, Kalpetta at 9:00 AM
ഒക്ടോബര്‍ 9നാണ് തൃശൂരില്‍ വാക്കത്തോണ്‍ നടക്കുക. 6000-ത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന വാക്കത്തോണ്‍ തൃശൂര്‍ തെക്കേ ഗോപുരനടയില്‍നിന്നും രാവിലെ 9.30ന് ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി തെക്കേ ഗോപുരനടയില്‍തന്നെ സമാപിക്കും. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സെമിനാര്‍ നടക്കും.
പത്രസമ്മേളനത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, പ്രോഗ്രാം കണ്‍വീനര്‍ ബാബു പാനികുളം, എസ്.എ.പി.സി. ബോര്‍ഡ് അംഗം പ്രൊഫ. കുസുമം ജോസഫ് എന്നിവര്‍പങ്കെടുത്തു.