ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിലെ യന്ത്രതകരാർ; സ്പേസ് എക്‌സിന്റെ രക്ഷാ ദൗത്യം ആരംഭിച്ചു
വാഷിങ്ടൺ: ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിലെ യന്ത്രതകരാറിനെ തുടർന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ സഞ്ചാരികളെ തിരിച്ചെത്തിക്കാൻ സ്പേസ് എക്‌സ് നൽകിയ ക്രൂ 9 ദൗത്യത്തിന് തുടക്കമായി. സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും തിരികെ കൊണ്ടുവരാനുള്ള ദൗത്യമാണ് എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഏറ്റെടുത്തത്. നാസയും സ്‌പേസ് എക്‌സും ചേർന്ന് ഈ രക്ഷാ ദൗത്യം നടത്തിയതായി നാസ മേധാവി ബിൽ നെൽസൺ സ്ഥിരീകരിച്ചു.
ഫ്‌ളോറിഡയിലെ കേപ് കനാവറലിൽ നിന്നും ഫാൽക്കൺ 9 റോക്കറ്റ് ക്രൂ 9 പേടകവുമായി ബഹിരാകാശത്തേക്ക് പുറപ്പെട്ടു. ഇതിൽ നാസയുടെ നിക്ക് ഹേഗും റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ ഗോർബുനോവുമാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഫെബ്രുവരിയോടെ സുനിത വില്യംസും ബച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുമെന്ന് നാസ നേരത്തെ അറിയിച്ചിരുന്നു.
ബോയിങ് സ്റ്റാർലൈനറിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ ഉണ്ടായ തകരാറാണ് ദൗത്യത്തിന് തടസ്സമായി മാറിയത്. 28 ത്രസ്റ്ററുകളിൽ 5 തകരാറിലായിരുന്നു, ഇതോടെ സ്റ്റാർലൈനർ തനിച്ച് ഭൂമിയിലേക്ക് തിരിച്ചുവന്നതിനെത്തുടർന്ന് സ്പേസ് എക്‌സിന് ദൗത്യം ഏറ്റെടുക്കേണ്ടിവന്നു.