മരം മുറിക്കുന്നതിനിടെ 68 കാരനായ ബ്രൂസ് കിൻസ്ലർ അപകടത്തിൽ പെട്ട് മരിച്ചതോടെ മിൽട്ടൺ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 15 ആയി. പോൾക്ക് കൗണ്ടിയിൽ റോഡിന് തടസ്സമായി വീണ മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം.
സെന്റ് ലൂസി കൗണ്ടിയിൽ ആറ്, പിനെല്ലസ് കൗണ്ടിയിൽ രണ്ട്, വോലൂസിയയിൽ നാല്, സിട്രസിൽ ഒന്ന്, ഹിൽസ്ബറോയിലും പോൾക്കിലും ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിലുടനീളം രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഗവർണർ റോൺ ഡീസാന്റിസ് പറഞ്ഞു. ഇതിനകം 1000 പേരെ രക്ഷപ്പെടുത്തിയതായും 105 മൃഗങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു. 10 സ്വിഫ്റ്റ് വാട്ടർ ടീമുകൾ, 23 അർബൻ സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ, 1600-ലധികം ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്.
6,500ലധികം ഫ്ലോറിഡ നാഷണൽ ഗാർഡ് അംഗങ്ങളെ രക്ഷാപ്രവർത്തനത്തിൽ നിയോഗിച്ചിരിക്കുകയാണെന്ന് ഗവർണർ വ്യക്തമാക്കി.