തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ സംബന്ധിച്ച കേസിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.
ദിവ്യയുടെ അപമാനത്തെത്തുടർന്ന് നവീൻ ബാബു ആത്മഹത്യ ചെയ്തെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട്, കമ്മീഷൻ ജില്ലാ ഭരണകൂടത്തോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നവീൻ ബാബുവിനെ പൊതു വേദിയിൽ അപമാനിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നുള്ള ആരോപണത്തെക്കുറിച്ച്, ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും അന്വേഷിച്ച് രണ്ട് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു.
എ.ഡി.എം നവീൻബാബുവിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ, നവീനെ അഴിമതിക്കാരനാക്കി പരസ്യമായി അപമാനിച്ചതാണ് പ്രധാനമായും പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
മനുഷ്യാവകാശ കമ്മീഷൻ നവംബർ 19-ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഈ കേസ് പരിഗണിക്കും. നവീൻബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതക്ക് ജോലി നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.