ബോംബ് ഭീഷണി: എയര്‍ ഇന്ത്യ വിമാനത്തിന്റെ അടിയന്തര ലാന്‍ഡിംഗ് കാനഡയില്‍; യാത്രക്കാരെ ചിക്കാഗോയിലെത്തിച്ച് കനേഡിയന്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് കാനഡയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ എയര്‍ ഇന്ത്യ വിമാനം യാത്രക്കാരെ കനേഡിയന്‍ സര്‍ക്കാര്‍ സഹായത്തോടെ യുഎസിലെ ചിക്കാഗോയിലെത്തിച്ചു.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലൂടെയായിരുന്നു ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം കാനഡയിലെ ഇഖാലുവീറ്റ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. 211 യാത്രക്കാരുമായാണ് ഡല്‍ഹി-ചിക്കാഗോ വിമാനത്തില്‍ നിന്നും ഭീഷണി ഉണ്ടായതും പിന്നീട് കാനഡയില്‍ വിമാനം ഇറക്കിയത്.
ഇഖാലുവീറ്റിലെ താപനില മൈനസ് 3 ഡിഗ്രി വരെ താഴ്ന്ന സാഹചര്യത്തില്‍ ഇത്രയും യാത്രക്കാരെ താമസിപ്പിക്കാന്‍ സ്ഥലം കണ്ടെത്താന്‍ പ്രയാസമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യോമസേനാ വിമാനം സജ്ജമാക്കി യാത്രക്കാരെ ചിക്കാഗോയിലെത്തിക്കുകയായിരുന്നു.
വിമാനത്തിലും ലഗേജിലും വിശദമായ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം യാത്രക്കാര്‍ക്ക് സാധനങ്ങള്‍ തിരിച്ചുകൊടുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ഖാലിസ്ഥാന്‍ ഭീകരന്‍ നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലും യാത്രക്കാരെ സഹായിച്ച് കനേഡിയന്‍ സര്‍ക്കാര്‍ സഹകരിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.