കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ നീക്കം തുടങ്ങി. ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന സൂചനയുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് ജാമ്യാപേക്ഷയിലേക്കുള്ള നീക്കം.
നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യയ്ക്കെതിരെ കേസ്. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
ഇന്നലെ പൊലീസ് പത്തനംതിട്ടയിലെത്തി നവീന്റെ കുടുംബത്തിന്റെ മൊഴിയെടുത്തിരുന്നു. ദിവ്യയ്ക്കും പമ്പിന് അപേക്ഷിച്ച പ്രശാന്തനുമെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നവീന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്നലെ രാത്രി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം നീക്കിയിരുന്നു.