തിരുവനന്തപുരം: തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരവുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിനെ തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണ പത്രക്കുറിപ്പ് പുറത്തിറക്കി. പൂരം കലക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ടെന്നും പക്ഷേ പൂരം സ്വഭാവസവിശേഷതകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
“പൂരം കലക്കിയെന്നു സ്ഥാപിക്കുന്നതില്‍ സംഘപരിവാര്‍ ഉദ്ദേശപരമായ ശ്രമത്തിലാണ്,” എന്നും പ്രതിപക്ഷത്തിന്റെ ഈ വാദങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാറിന്റെ സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. “ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കും,” എന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
പൂരത്തില്‍ ആചാരപരമായ ചില ഭാഗങ്ങള്‍ ചുരുക്കേണ്ടിവന്നതായും, വെടിക്കെട്ട് രാവിലെ മാത്രമായി ചുരുക്കിയെന്നും ദീപാലങ്കാരങ്ങള്‍ ഓഫാക്കേണ്ടിവന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ സിപിഐ അടക്കമുള്ള ചില സഖ്യകക്ഷികള്‍ രംഗത്തെത്തിയതോടെയാണ് സംഭവം കൂടുതല്‍ വിവാദമായത്. ഇതിനിടെ പൂരം തടസ്സപ്പെടുത്തല്‍, ഗൂഢാലോചന, സ്‌പര്‍ധ സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസ് എടുത്തത്.