ബിഎസ്എൻഎൽ ജീവനക്കാർക്ക് ആരോഗ്യ പരിരക്ഷയുമായി സൺറൈസ് ആശുപത്രി.
കൊച്ചി: കാക്കനാട് സൺറൈസ് ആശുപത്രിയും ബിഎസ്എൻഎൽ ഉം സംയുക്തമായി ജീവനക്കാർക്കുള്ള സൗജന്യ ഓർത്തോപീഡിക് ആരോഗ്യ പരിശോധന മെഡിക്കൽ ക്യാമ്പും മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. എറണാകുളം സൗത്ത് ബിഎസ്എൻഎൽ ഭവനിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂറോളം ജീവനക്കാരാണ് ആരോഗ്യ പരിശോധനക്ക് വിധേയരായത്. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച എക്സ്ട്രാ കെയർ പദ്ധതിയുടെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ വ്യാപകമാക്കുമെന്ന് നേരത്തെ തന്നെ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പർവീൻ ഹഫീസ് അറിയിച്ചിരുന്നു. സി ജി എച്ച് എസ്സിന് കീഴിൽ വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള പ്രത്യേക ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് സൺറൈസ് ആശുപത്രിയുമായി ചേർന്ന് ബിഎസ്എൻഎൽ ഓർത്തോപെടിക് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സാധ്യമാക്കിയത്. മെഡിക്കൽ ക്യാമ്പ് ബിഎസ്എൻഎൽ ജീവനക്കാർക്ക് എല്ലായ്പ്പോഴും പ്രയോജനമായിരിക്കുമെന്ന് ഹോസ്പിറ്റൽ സി.ഇ.ഓ സുരേഷ് കുമാർ തമ്പി അറിയിച്ചു. സി ജി എച്ച് എസ്സിനു കീഴിൽ വരുന്ന മറ്റു സ്ഥാപനങ്ങൾക്ക് ഈ പ്രയോജനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൺറൈസ് ആശുപത്രിയിലെ സീനിയർ അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ ശ്രീഹരി ക്യാമ്പിനും ബോധവൽക്കരണ ക്ലാസിനും നേതൃത്വം നൽകി. മറ്റു ഹോസ്പിറ്റൽ അധികൃതരും ബി എസ് എൻ എൽ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.