യുഎസ് തെരഞ്ഞെടുപ്പില്‍ എല്ലാ കണ്ണുകളും; സ്വിംഗ് സംസ്ഥാനങ്ങളില്‍ ട്രംപ് ലീഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: നാളെ നടക്കാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുകയാണ്. നവംബര്‍ 5ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏഴ് സ്വിംഗ് സംസ്ഥാനങ്ങളിലായി ലീഡ് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. Atlas Intel നടത്തിയ ഏറ്റവും പുതിയ സര്‍വേ അനുസരിച്ച്, ട്രംപിന് വോട്ട് ചെയ്യുമെന്ന് 49% പേരും അഭിപ്രായപ്പെട്ടു. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെക്കാള്‍ 1.8% വോട്ട് ലീഡാണ് ട്രംപിന് ഉള്ളതെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു.
നവംബര്‍ മാസത്തിലെ ആദ്യ രണ്ടു ദിവസങ്ങളില്‍ 2,500 വോട്ടര്‍മാരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷം സ്ത്രീകളായിരുന്നു. 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍, സ്വിംഗ് സംസ്ഥാനങ്ങളായ അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിവയാണ് നിര്‍ണായകമാകുന്നത്. ഇവിടങ്ങളിലെ മറ്റൊരു സര്‍വേ അനുസരിച്ച്, റിപ്പബ്ലിക്കന്‍ നോമിനി ട്രംപ് വിജയിക്കാനാണ് സാധ്യതയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.