“അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തുടക്കം; ഡിക്സ്വിൽ നോച്ചിൽ ആദ്യ വോട്ടിങ്ങ്”
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഔദ്യോഗിക തുടക്കം, ന്യൂഹാംഷറിലെ ഡിക്സ്വിൽ നോച്ചിലെ ആറു വോട്ടർമാർ പാതിരാവിൽ വോട്ട് രേഖപ്പെടുത്തിയതോടെ. വോട്ടെടുപ്പിൽ മൂന്ന് വോട്ടുകൾ കമലാ ഹാരിസിനും മൂന്നെണ്ണം ഡോണൾഡ് ട്രംപിനുമാണ് ലഭിച്ചത്.
ന്യൂഹാംഷറിന്റെ വടക്കൻ അതിർത്തിയിൽ കാനഡയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ചെറു പട്ടണമായ ഡിക്സ്വിൽ നോച്ചിലാണ് അമേരിക്കൻ തെരഞ്ഞെടുപ്പിന് ഔപചാരിക തുടക്കം കുറിച്ചത്. 1960 മുതൽ രാത്രി വോട്ടിങ് രീതിയിൽ വോട്ടിംഗ് നടക്കുന്നത് ഡിക്സ്വിൽ നോച്ചിൽ പതിവാണ്. അർധരാത്രി കഴിയുമ്പോഴേക്കും യോഗ്യരായ എല്ലാ വോട്ടർമാരും ബൽസംസ് ഹോട്ടലിൽ ഒത്തു കൂടിയിരിക്കും, രഹസ്യ ബാലറ്റുകൾ വഴി വോട്ട് രേഖപ്പെടുത്തും.
പോളിങ് അവസാനിച്ച ഉടൻ ഫലവും പ്രഖ്യാപിക്കും. ഇത്തവണ നാല് റിപ്പബ്ലിക്കൻ വോട്ടർമാരും രണ്ട് അപ്രഖ്യാപിത വോട്ടർമാരും വോട്ടു രേഖപ്പെടുത്തി. 2020 തെരഞ്ഞെടുപ്പിൽ ഡിക്സ്വിൽ നോച്ച് വോട്ടർമാർ ജോ ബൈഡനൊപ്പം നിന്നപ്പോൾ, 2016-ൽ ഹിലാരി ക്ലിൻറ്റണിന് ഏഴ് വോട്ടുകളിൽ നാലും ലഭിച്ചിരുന്നു.