AmericaLatest NewsNewsPolitics

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലങ്ങളിൽ ട്രംപിന് മുൻതൂക്കം

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചതിന് പിന്നാലെ ആദ്യ ഫലസൂചനകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപ് മുന്നിലാണ്. ട്രംപിന് റെഡ് സ്റ്റേറ്റുകളായ കെന്റക്കി, ഇൻഡിയാന സംസ്ഥാനങ്ങളിൽ കരുത്ത് തെളിയിക്കാൻ സാധിച്ചു. ഇൻഡിയാനയിൽ 11 ഇലക്ടറൽ വോട്ടും കെന്റക്കിയിൽ 8 വോട്ടുമാണ് ട്രംപിന് ലഭിച്ചത്. കൂടാതെ, വെസ്റ്റ് വിർജീനിയയിലെ 4 ഇലക്ടറൽ വോട്ടും ട്രംപിന് അനുകൂലമായി.

അതേസമയം, ബ്ലൂ സ്റ്റേറ്റായ വെർമോണ്ടിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസാണ് മുന്നിൽ. ഇവിടെ ഹാരിസിന് 3 ഇലക്ടറൽ വോട്ടുകൾ ലഭിച്ചു.

ഇൻഡിയാനയിലെ 11 ഇലക്ടറൽ വോട്ടുകളിൽ ട്രംപിന് 61.9% വോട്ടും, ഹാരിസിന് 36.4% വോട്ടുമാണ് ഇതുവരെ ലഭിച്ചത്. 2020ലെ തെരഞ്ഞെടുപ്പിൽ ട്രംപ് ഇവിടെ 57% വോട്ടുകൾ നേടിയപ്പോൾ, ബൈഡന് 41% വോട്ടുകളാണ് ലഭിച്ചത്.

കെന്റക്കിയിലെ 8 ഇലക്ടറൽ വോട്ടുകളിൽ ഇപ്പോഴത്തെ വോട്ടെണ്ണലിൽ 69.7% വോട്ടുകൾ ട്രംപിന് ലഭിച്ചപ്പോൾ, ഹാരിസിന് 28.7% വോട്ടുകൾ മാത്രം ലഭിച്ചു. 2020-ൽ ഇതേ സംസ്ഥാനത്ത് ട്രംപിന് 62.1% വോട്ടുകളും ബൈഡൻ 36.2% വോട്ടുകളുമാണ് ലഭിച്ചത്.

വെർമോണ്ടിൽ ഹാരിസിന് 59.4% വോട്ടുകളും ട്രംപിന് 37.9% വോട്ടുകളും ലഭിച്ചതായി യുഎസ് നെറ്റ്വർക്കുകൾ റിപ്പോർട്ട് ചെയ്തു. 2020-ൽ ബൈഡൻ 66.1% വോട്ടുകൾ നേടി വിജയിച്ച സംസ്ഥാനമാണിത്, അപ്പോൾ ട്രംപിന് ലഭിച്ചത് 30.7% മാത്രം.

ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 5.30ഓടെയാണ് യുഎസിൽ വോട്ടെടുപ്പ് ആരംഭിച്ചത്. കമല ഹാരിസും ഡോണാൾഡ് ട്രംപും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് അഭിപ്രായ സർവേകളിൽ വ്യക്തമാക്കിയിരുന്നു.

Show More

Related Articles

Back to top button