ClassifiedsKeralaNews

ബാങ്കിംഗ്, നിക്ഷേപ സമിറ്റ് നവംബര്‍ 19ന്

ബാങ്കിംഗ്, ഇന്‍ഷുറന്‍സ് രംഗത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യും

കൊച്ചി, നവംബര്‍17: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, നിക്ഷേപ സമിറ്റ് നവംബര്‍ 19ന് കൊച്ചിയില്‍ നടക്കും. ധനം ബിസിനസ് മീഡിയയുടെ അഭിമുഖ്യത്തില്‍ നടക്കുന്ന ഏഴാമത് ബിഎഫ്എസ്‌ഐ സമിറ്റില്‍ ആര്‍ ബി ഐ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ജെ കെ ഡാഷ് മുഖ്യാതിഥിയായി സംബന്ധിക്കും. വൈകീട്ട് നടക്കുന്ന അവാര്‍ഡ് ദാനചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ബാങ്കിംഗ്, ഇന്‍ഷുറന്‍സ് രംഗത്ത് മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നീളുന്ന സമിറ്റിലും അവാര്‍ഡ് ദാന ചടങ്ങിലുമായി ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ 20 ഓളം പ്രമുഖര്‍ പ്രഭാഷണം നടത്തും.

സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികളും ബാങ്കിംഗ് രംഗത്തെ മാറ്റങ്ങളും ഫിന്‍ടെക് രംഗത്തെ സാധ്യതകളുമെല്ലാം സമിറ്റില്‍ ചര്‍ച്ച ചെയ്യും.

ആര്‍ബിഐ മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്ററും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഇന്‍ഡിപെന്‍ഡന്റ് ഡയറക്റ്ററുമായ ഗണേഷ് കുമാര്‍, ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ കെവിഎസ് മണിയന്‍, ആര്‍ബിഐ മുന്‍ സിജിഎമ്മും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാനുമായ പി ആര്‍ രവി മോഹന്‍, മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍, എച്ച് ഡി എഫ് സി മുന്‍ സിഐഒ പ്രശാന്ത് ജെയ്ന്‍, ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും സിഇഒയുമായ പൊറിഞ്ചു വെളിയത്ത്, എന്‍എസ്ഇയുടെ ഇന്‍വെസ്റ്റര്‍ റിലേഷന്‍ഷിപ്പ് മേധാവി രോഹിത് മന്ദോത്ര, ഐഡിബിഐ കാപ്പിറ്റലിന്റെ മുന്‍ റിസര്‍ച്ച് മേധാവിയും ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷലിസ്റ്റുമായ എ കെ പ്രഭാകര്‍, അക്യുമെന്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് എംഡി അക്ഷയ് അഗര്‍വാള്‍, ഡിബിഎഫ്എസ് എംഡി പ്രിന്‍സ് ജോര്‍ജ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അസോസിയേറ്റ് ഡയറക്റ്റര്‍ രഞ്ജിത് ആര്‍ ജി, ഇന്‍ഫോടെക്കില്‍ ഡോക്ടറേറ്റ് നേടിയ പത്തുവയസ്സ് മാത്രമുള്ള ‘സൂപ്പര്‍കിഡ്’ ഡോ. സ്വയം സോധ തുടങ്ങിയവരാണ് പ്രഭാഷകരായെത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 400ഓളം പേര്‍ സമിറ്റില്‍ സംബന്ധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ് ഏബ്രഹാം 90725 70065, വെബ്‌സൈറ്റ്: dhanambfsisummit.com

Show More

Related Articles

Back to top button