KeralaLatest NewsNews

തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ ലീഗ് വിമര്‍ശിക്കുന്നത് മതവികാരം ആളിക്കത്തിക്കാനെന്ന് എം.വി ഗോവിന്ദന്‍.

പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ ലീഗ് വിമര്‍ശിക്കുന്നത് മതവികാരം ആളിക്കത്തിക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാഷ്ട്രീയ വിമര്‍ശനമാണ് പിണറായി വിജയന്‍ നടത്തിയത്. ലീഗ് ജമാ അത്തെ ഇസ്​ലാമിയുടെയും എസ്ഡിപിഐയുടെയും തടങ്കലിലാണെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

എം.വി ഗോവിന്ദന്‍റെ വാര്‍ത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: ‘കണ്ണാടിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം തെറ്റായ പദപ്രയോഗങ്ങളോ, ഏതെങ്കിലും രീതിയിലുള്ള വിമര്‍ശനത്തിന് വിധേയമാക്കേണ്ട കാര്യങ്ങളോ ഇല്ലാത്ത പരാമര്‍ശമാണ്. 18–ാം ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ കാലം മുതല്‍ സിപിഎം പറഞ്ഞുവരുന്നത് ജമാ അത്തെ ഇസ്​ലാമിയുെടയും എസ്ഡിപിഐയുടെയും ആശയ തടങ്കലിലാണ് കേരളത്തിലെ മുസ്​ലിം ലീഗെന്നുള്ളത്. അത് മുന്‍പും പറഞ്ഞിട്ടുണ്ട്. ഇപ്പൊഴും പറയുന്നു. അത് വെറുതേ പറഞ്ഞതല്ല.

ജമാ അത്തെ ഇസ്​ലാമിയും എസ്ഡിപിഐയും ലീഗുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് ഇടതുപക്ഷ വിരുദ്ധ പ്രചാരവേല നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സാദിഖലി തങ്ങളെ കുറിച്ച് ഈ പരാമര്‍ശം പിണറായി നടത്തിയത്. അപ്പോഴും മതപരമായ ഉള്ളടക്കത്തെ സംബന്ധിച്ച വിശദീകരണമാണ് ലീഗ് നടത്തുന്നത്. സാദിഖലി ശിഹാബ് തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്‍റാണ്. ആ പ്രസിഡന്‍റിനെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ മനസിലാക്കാം. എന്നാല്‍ അതിനപ്പുറം കടന്ന് ലീഗില്‍ തന്നെ വല്യ പ്രസക്തിയൊന്നും  ലഭിക്കാത്ത ആളുകള്‍ ‘സാദിഖലിയെ സംബന്ധിച്ച് പറഞ്ഞാല്‍ വിവരമറിയും’ എന്ന് പറയുന്നു. എന്തും പറയാന്‍ യാതൊരു ഉളുപ്പുമില്ലാത്ത പ്രചാരണ കോലാഹലമാണ് ചിലര്‍ സംഘടിപ്പിക്കുന്നത്. 

ഞങ്ങള്‍ കൃത്യമായ രാഷ്ട്രീയ വിമര്‍ശനമാണ് ഉന്നയിച്ചത്. ലീഗിന്‍റെ സംസ്ഥാനാധ്യക്ഷന്‍ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തെ പറ്റിയാണ് പറഞ്ഞത്. അപ്പോള്‍ ഉടന്‍ തന്നെ മതപരമായ വികാരം രൂപപ്പെടുത്താന്‍ വേണ്ടിയുള്ള വര്‍ഗീയ അജണ്ട ചില ആളുകള്‍ കൈകാര്യം ചെയ്യുന്നുവെന്നുള്ളതാണ് അതിന്‍റെ ഭാഗമായി വരുന്നത്. ജമാ അത്തെ ഇസ്​ലാമിയുടെയും എസ്ഡിപിഐയുടെയും തടങ്കല്‍ പാളയത്തിലാണ് ലീഗുള്ളതെന്ന് വെറുതേ പറയുന്നതല്ല’. 

Show More

Related Articles

Back to top button