വിപിഎസ് ലേക്‌ഷോറിന്റെ ‘അമ്മയ്‌ക്കൊരു കരുതൽ’ ക്യാമ്പ് കുട്ടമ്പുഴയിൽ നടന്നു
കൊച്ചി/കുട്ടമ്പുഴ: വിപിഎസ് ലേക്‌ഷോറിന്റെ ‘അമ്മയ്‌ക്കൊരു കരുതൽ’ സംസ്ഥാനതല ആരോഗ്യ പദ്ധതിയുടെ പഞ്ചായത്ത് തല സൗജന്യ മെഡിക്കൽ ക്യാംപ് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ പഞ്ചായത്തിന്റെയും വിപിഎസ് ലേക്‌ഷോറിന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 23 ശനിയാഴ്ച കുട്ടമ്പുഴ പഞ്ചായത്ത് ഹാളിൽ നടന്ന ക്യാംപിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ മുഖ്യ അതിഥിയായി. വിപിഎസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുള്ള അധ്യക്ഷനായി. ഗൈനക്ക്&സർജിക്കൽ ഓങ്കോളജി മേധാവി ഡോ. ചിത്രതാര കെ പദ്ധതി വിശദീകരിച്ചു.
“ആദിവാസി ഊരുകളിലെ പ്രശ്നങ്ങൾ ഈ നാടിന്റെയാകെ പ്രശ്നമാണ്. രോഗനിർണ്ണയത്തെക്കുറിച്ചും പരിശോധനയെക്കുറിച്ചും തുടർ ചികിത്സയെക്കുറിച്ചുമുള്ള ബോധവൽക്കരണവും വളരെ പ്രധാനമാണ്. ഇന്നത്തെ സാഹചര്യത്തിൽ ആർക്കും എപ്പോൾ വേണമെങ്കിലും ജീവിതശൈലീ രോഗങ്ങൾ വരാം. അതിൽ ചികിത്സയേക്കാൾ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വരാതെ പ്രതിരോധിക്കുക എന്നത്. സർക്കാർ തലത്തിൽ വലിയ ഇടപെടലുകൾ നടത്തിവരുന്നുണ്ടെങ്കിലും എല്ലാവരുടെയും ചികിത്സാച്ചെലവുകൾ ഏറ്റെടുക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്. ജീവിതശൈലീ രോഗങ്ങളുടെ ചികിത്സാചെലവ് വളരെ കൂടുതലുമാണ്. അത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ ലേക്‌ഷോർ ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സേവനങ്ങൾ പ്രശംസനീയമാണ്, ഡീൻ കുര്യാക്കോസ് പറഞ്ഞു.
വൈസ് പ്രസിഡന്റ് മേരി കുര്യാക്കോസ്, മെഡിക്കൽ ഓഫീസർ ഡോ. അനൂപ് തുളസി എന്നിവർ ആശംസയർപ്പിച്ചു. വിപിഎസ് ലേക്‌ഷോർ സിഒഒ ജയേഷ് വി നായർ സ്വാഗതവും മാർക്കറ്റിംഗ് എജിഎം അനു എസ് കടയത്ത് നന്ദിയും പറഞ്ഞു.
സംസ്ഥാനത്തുടനീളം 5,000 സ്ത്രീകൾക്ക് രോഗനിർണ്ണയം നടത്തുകയും അതിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള 500 പേർക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുന്നതുമാണ് പദ്ധതി. ഗർഭാശയ-മൂത്രാശയ സംബന്ധമായ രോഗങ്ങളായ യൂട്രസ് ക്യാൻസർ, സെർവിക്കൽ ക്യാൻസർ, ഒവേറിയൻ ക്യാൻസർ, അനിയന്ത്രിത ബ്ലീഡിങ് തുടങ്ങി നിരവധി രോഗങ്ങൾക്ക് വൈദ്യ പരിശോധന, അൾട്രാസൗണ്ട് സ്ക്രീനിങ്, പാപ്സ്മിയർ, ബ്ലഡ് ടെസ്റ്റ് തുടങ്ങിയവയുൾപ്പെട്ട സൗജന്യ പരിശോധന ക്യാമ്പുകളിലൂടെ നൽകിവരുന്നു.
കോഴിക്കോട്, മരട്, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ ഇതിനോടകം നടന്ന ക്യാമ്പുകളിൽ 500-ൽ അധികം സ്ത്രീകൾ പങ്കെടുക്കുകയും, ഇവരിൽ രോഗം സ്ഥിരീകരിച്ച ശസ്ത്രക്രിയ ആവശ്യമുള്ള 50 ഓളം പേർക്ക് സൗജന്യ ശസ്ത്രക്രിയയും ലേക്‌ഷോർ ഹോസ്പിറ്റൽ ഇതിനോടകം നൽകി.