ട്രംപിന്റെ ക്യാബിനറ്റ് നിയമനങ്ങൾ വിവാദത്തിൽ; ഡോണൾഡ് ട്രംപ് ജൂനിയർ പിന്നിൽ.
വാഷിംഗ്ടൺ ∙ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പുതിയ ക്യാബിനറ്റ് നിയമനങ്ങൾ വിവാദങ്ങൾക്കിടയാക്കുന്നു. ട്രംപിന്റെ മൂത്തമകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ട്രംപിന്റെ ക്യാബിനറ്റിൽ പ്രധാന സ്ഥാനത്തിനായി പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞവർഷം ട്രംപിന്റെ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയായി ജെഡി വാൻസിനെ തിരഞ്ഞെടുത്തതും ട്രംപ് ജൂനിയറാണെന്ന കാര്യവും പ്രസക്തമാകുന്നു.
പുതിയ നിയമനങ്ങളിൽ പരിചയസമ്പത്ത് ട്രംപിനോടുള്ള കൂറും വിശ്വാസവും മുൻഗണന ലഭിച്ചതായി ആരോപണമുയർന്നു. ഡൊണാൾഡ് ട്രംപിന്റെ ആദ്യഭരണകാലത്ത് മൂത്തമകൾ ഇവാങ്കയും ഭർത്താവ് ജറാഡ് കുഷ്നറും ഭരണകാര്യങ്ങളിൽ സജീവമായിരുന്നപ്പോൾ, മക്കളായ ട്രംപ് ജൂനിയറും എറിക്കും കുടുംബ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
2020ൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ബൈഡനോട് പരാജയപ്പെട്ട ശേഷം ഇവാങ്കയും ജറാഡും രാഷ്ട്രീയത്തിൽ നിന്ന് പിന്തിരിഞ്ഞു. എന്നാൽ സിവിൽ, ക്രിമിനൽ കേസുകളിൽ കുരുങ്ങിയ ട്രംപിനൊപ്പം ട്രംപ് ജൂനിയറും എറിക്കുമായിരുന്നു.
നിലവിൽ വൈറ്റ് ഹൗസ് കാര്യങ്ങളിൽ മകനോടാണ് ട്രംപ് നിരന്തരം ആശയവിനിമയം നടത്തുന്നതെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
ക്യാബിനറ്റിൽ ട്രംപ് ജൂനിയർ എടുത്ത രണ്ട് തീരുമാനങ്ങൾ ഏറെ വിവാദമാവുകയാണ്. വാക്‌സിൻ വിരോധിയുമായും ഗൂഢാലോചന സൈദ്ധാന്തികനുമായ റോബർട്ട് എഫ് കെന്നഡി ജൂനിയറെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചതും മുൻ ഡെമോക്രാറ്റിക് കോൺഗ്രസ് നേതാവായ തുളസി ഗബ്ബാർഡിനെ ദേശീയ ഇൻറലിജൻസ് മേധാവിയായി നിയമിച്ചതുമാണ്. റഷ്യയുമായി ബന്ധമുള്ള വ്യക്തിയാണ് ഗബ്ബാർഡ് എന്ന പൊതുവായ ആരോപണവും വിവാദത്തിന് ആക്കം കൂട്ടുന്നു.