ട്രംപിൻ്റെ ക്യാബിനറ്റ് നോമിനികൾക്ക് ബോംബ് ഭീഷണി; എഫ്ബിഐ സ്ഥിരീകരിച്ച് അന്വേഷണം ഊർജിതമാക്കി
വാഷിംഗ്ടൺ ∙ ഡൊണാൾഡ് ട്രംപിൻ്റെ പുതിയ ക്യാബിനറ്റ് ടീമിലെ പലർക്കും ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി എഫ്ബിഐ സ്ഥിരീകരിച്ചു. ഇതിൽ പ്രതിരോധ, കൃഷി, തൊഴിൽ വകുപ്പുകളുടെ സെക്രട്ടറിമാരും ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ സ്ഥാനാർത്ഥിയും ഉൾപ്പെടുന്നു.
കോമേഴ്സ് സെക്രട്ടറി സ്ഥാനാർഥി ഹവാർഡ് ലട്നിക്, പൂർവ്വ അറ്റോർണി ജനറൽ സ്ഥാനാർത്ഥി മാറ്റ് ഗെയ്റ്റ്സ്, പകരം വന്ന പാം ബോണ്ടി, സൂസി വൈൽസ്, ജോൺ റാറ്റ്ക്ലിഫ് എന്നിവർക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്.
അന്വേഷണം ശക്തമാക്കി
ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലർച്ചെയുമാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഭീഷണികളുടെ വിശദാംശങ്ങൾ എഫ്ബിഐ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. ഇവരിൽ ആരെയും രഹസ്യാന്വേഷണ സേനയുടെ സുരക്ഷ ലഭ്യമാക്കിയിട്ടില്ല.
ഐക്യരാഷ്ട്ര സഭാ സ്ഥാനാർത്ഥിയുടെ വെളിപ്പെടുത്തൽ
യുഎൻ അംബാസഡർ സ്ഥാനാർത്ഥിയായ ന്യൂയോർക്ക് റിപ്പബ്ലിക്കൻ എലീസ് സ്റ്റെഫാനിക്ക് തൻ്റെ വീടിനു നേരെ ഭീഷണി ലഭിച്ചതായി ആദ്യം വെളിപ്പെടുത്തിയിരുന്നു. താങ്ക്സ് ഗിവിങ് ഡേ പ്രമാണിച്ച് കുടുംബത്തിനൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ ഭീഷണി സന്ദേശം ലഭിച്ചതായും സ്റ്റെഫാനിക്ക് വ്യക്തമാക്കിയിരുന്നു.
അതിനിടെ, പ്രതിരോധ സെക്രട്ടറി സ്ഥാനാർത്ഥി പീറ്റ് ഹെഗ്‌സെത്ത് തൻ്റെ വീടും ഭീഷണിയുടെ ലക്ഷ്യമാണെന്ന് വ്യക്തമാക്കി. പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.