വിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കാനുളള നീക്കം: ഗവര്‍ണര്‍ ഇടനിലക്കാരനെന്ന് മന്ത്രി ആര്‍ ബിന്ദു.

തിരുവനന്തപുരം: ഗവര്‍ണര്‍ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നത് എന്നും ഗവര്‍ണര്‍ കാവിവല്‍ക്കരണത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.
വി സി നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ നിലപാടാണ് മന്ത്രിയെ ചൊടിപ്പിച്ചത്. “സര്‍ക്കാര്‍ നിയമപരമായി മുന്നോട്ടു പോകും. കെ ടി യു ആക്ട് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പാനലില്‍ നിന്ന് നിയമനം നടത്തണമെന്നും അതിന് വിരുദ്ധമായാണ് ചാന്‍സലറിന്റെ നീക്കങ്ങള്‍,”– മന്ത്രി പറഞ്ഞു.
ഇഷ്ടക്കാരെ ആജ്ഞാനുവര്‍ത്തികളാക്കി നിയമിക്കാനാണ് ചാന്‍സലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി ആര്‍ ബിന്ദു കുറ്റപ്പെടുത്തി. മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ സംസ്ഥാന വിദ്യാഭ്യാസരംഗത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.