AmericaLifeStyleNews

രാജു പള്ളത്ത് ഇന്ത്യ പ്രസ് ക്ലബ്  നിയുക്ത പ്രസിഡന്റ്

ന്യു യോർക്ക്: അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ സംഘചേതനായായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) 2026-2027 കാലയളവിലെ  നിയുക്ത പ്രസിഡന്റ് ആയി  രാജു പള്ളത്തിനെ (വർഗീസ് ജോൺ) അഡ്വൈസറി ബോർഡ് യോഗം  തെരെഞ്ഞെടുത്തു.

ഇരുപതുവർഷമായി ഏഷ്യാനെറ്റിലെ യുഎസ് വീക്ക്ലി റൗണ്ടപ്പ് എന്ന പരിപാടിയുടെ പ്രൊഡ്യൂസറും ഡയറക്ടറുമാണ്. 15 വർഷമായി ഡിഷ് നെറ്റ്വർക്കിന്റെ റീടെയ്ലറായും പ്രവർത്തിച്ചുവരുന്നു. ഏഷ്യാനെറ്റ് ന്യൂസിൽ അമേരിക്കൻ കാഴ്ചകൾ എന്ന പ്രോഗ്രാം മൂന്നുവർഷം ചെയ്തു.

ഇന്ത്യാ പ്രസ് ക്ലബിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച രാജു പള്ളത്ത് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ആയിരുന്നു. പിന്നീട് ദേശീയ തലത്തിൽ വൈസ്-പ്രസിഡന്റ് ആയി പ്രവർത്തിച്ച ശേഷമാണ് സുനിൽ തൈമറ്റം പ്രസിഡന്ടായപ്പോൾ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

“രണ്ടു പതിറ്റാണ്ടിലേറെയായി മികച്ച പ്രവർത്തനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ഇന്ത്യാ പ്രസ് ക്ലബിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ട്. മാധ്യമ പ്രവർത്തനം പലതരം വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും തുണയായി പ്രവർത്തിക്കുകയെന്ന ദൗത്യം ആയിരിക്കും എന്നെ നയിക്കുക. കേരളത്തിലെ മാധ്യമപ്രവർത്തകരുമായും അമേരിക്കയിലെ സംഘടനകളുമായുളള നല്ല ബന്ധം തുടരും,” രാജു പള്ളത്ത് പറഞ്ഞു.

മാവേലിക്കര സ്വദേശിയായ രാജു ഡൽഹിയിൽ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് പഠിച്ച ശേഷം, സിംഗപ്പൂരിലെ പാനസോണിക്കിൽ മീഡിയ ഡിവിഷനിൽ ഉദ്യോഗസ്ഥനായി. അവിടെ നിന്ന് കമ്പനി തന്നെയാണ് അമേരിക്കയിലേക്ക് അയച്ചത്.

ഇപ്പോൾ ഫെഡറൽ എംപ്ലോയി ആണെങ്കിലും പാഷൻ കൊണ്ടാണ് മാധ്യമപ്രവർത്തനവുമായി മുന്നോട്ടുപോകുന്നത്. തന്റെ പ്രോഗ്രാമിനൊപ്പം പ്രവർത്തിക്കുന്ന അൻപത് പേരും മറ്റ് ജോലികൾ ഉള്ളവരായതുകൊണ്ട് ഇതിൽ നിന്നൊരു സാമ്പത്തിക ലാഭം  പ്രതീക്ഷിക്കാതെയാണ്  ജോലി ചെയ്യുന്നതെന്ന്   രാജു ചൂണ്ടിക്കാട്ടി

‘അമേരിക്കയിലെ മാധ്യമപ്രവർത്തകർക്കിടയിലൊരു സ്നേഹബന്ധം സ്ഥാപിക്കാൻ വേണ്ടിയാണ് പ്രസ് ക്ലബ് രൂപീകരിച്ചത്. എന്നാൽ, ഇന്നത് പടർന്നുപന്തലിച്ചു. പ്രസ് ക്ലബ്ബിൽ സജീവമാകുന്നതിന് മുൻപ് നമ്മുടെ പ്രവർത്തനങ്ങൾ ചെറിയൊരു ലോകത്ത് മാത്രമേ അറിയപ്പെട്ടിരുന്നുള്ളു എന്നതാണ് പ്രധാന വ്യത്യാസം.
ലോകത്തെവിടെയുള്ള മാധ്യമപ്രവർത്തകരെയും ഒരു കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ഞങ്ങൾ കാണുന്നത്. അതുകൊണ്ടുതന്നെ കൂട്ടത്തിൽ ഒരാളുടെ വിഷമഘട്ടത്തിൽ ഒപ്പം നിൽക്കാൻ പ്രസ് ക്ലബ് മടിക്കാറില്ല. അത് തുടരും,’ രാജു പള്ളത്ത് പറഞ്ഞു

Show More

Related Articles

Back to top button